കൊല്ലങ്കോട്: തെന്മല അടിവാരത്തെ മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്ത് പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങൾ കാട്ടാന ഭീതിയിൽ. രണ്ടുമാസമായി കുട്ടിയാന ഉൾപ്പെടെ ആറംഗസംഘമാണ് വീടുകളും കാർഷികവിളകളും തുടർച്ചയായി നശിപ്പിക്കുന്നത്.
ആനപ്പേടിമൂലം വൈകുന്നേരമാകുന്നതോടെ മലയോരവാസികൾ വീടിനകത്തു അഭയംപ്രാപിക്കുകയാണ്. അസുഖം ബാധിച്ചവരെ രാത്രിസമയങ്ങളിൽ ആശുപത്രിയിലെത്തിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്.
മാത്തൂർ, കല്ലംപൊറ്റ, കള്ളിയന്പാറ, വേങ്ങപ്പാറ, സീതാർകുണ്ട്, പുത്തൻപാടം, പാറത്തോട്, ചേപ്പലോട്, അരശമരക്കാട്, ചപ്പക്കാട് ഉൾപ്പെടെയുള്ള മലയോരപ്രദേശങ്ങളിലാണ് ആനകൾ കൂട്ടമായും ഒറ്റയ്ക്കുമെത്തി സ്വൈരവിഹാരം നടത്തുന്നത്.
രണ്ടുമാസത്തിനിടെ പത്തിലേറെ വീടുകൾ തകർത്ത് ധാന്യങ്ങൾ തിന്നുകയും വാഴ, തെങ്ങ്, മാവ് എന്നിവ നശിപ്പിക്കുകയും ചെയ്തു. പ്രദേശവാസികൾ കൊല്ലങ്കോട് വനംവകുപ്പ് റേഞ്ച് ഓഫീസർക്ക് പരാതി നല്കിയിട്ടും പ്രശ്നപരിഹാര നടപടിയുണ്ടായില്ല. വന്യമൃഗങ്ങൾ തിങ്ങിനിറഞ്ഞ മലയോരമേഖലകളിൽനിന്നും ജനങ്ങൾ മാറി താമസിക്കുന്ന സാഹചര്യവും നിലനില്ക്കുന്നു.
വ്യാപാരികൾ പാട്ടത്തിനെടുത്ത മാന്തോപ്പുകളിലെത്തി മാങ്ങയും മരങ്ങളും ആനക്കുട്ടം നശിപ്പിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നു കർഷകർ പരാതിപ്പെട്ടു. ജനവാസകേന്ദ്രങ്ങളിൽ ആനയെത്തുന്നതു തടയാൻ പൂർണമായി സൗരോർജവേലി സ്ഥാപിക്കണമെന്ന ആവശ്യവും നിറവേറിയിട്ടില്ല. ഇതിനു പുറമെ പുലി, കരടി എന്നിവയും ആക്രമണകാരികളായി പ്രത്യപ്പെടുന്നുണ്ട്.
സീതാർകുണ്ടിൽ ആറ് ആടുകളെയും പതിനഞ്ചോളം വളർത്തുനായ്ക്കളെയും പുലി കൊന്നുതിന്നിരുന്നു.
മൂന്നു പഞ്ചായത്ത് പ്രദേശങ്ങളിലും നേരംപുലരുന്പോൾ ആനക്കൂട്ടത്തിന്റെ വിക്രിയകളാണ് മലയോരവാസികളുടെ ചെവിയിലെത്തുന്നത്.
വന്യമൃഗങ്ങളോടു മല്ലടിച്ച് ദിനങ്ങൾ തള്ളിനീക്കുന്ന മലയോരവാസികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനു സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.