കൊല്ലങ്കോട്: മലയോരനിവാസികളുടെ കാട്ടാന ആക്രമണഭീഷണി ഒഴിയുന്നില്ല. പരിഹാര നടപടികളെടുക്കാതെ വനംവകുപ്പു നിസംഗതയിൽ. ഒന്നരമാസമായി മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ മലയോരപ്രദേശങ്ങളിൽ ആനക്കൂട്ടം ആക്രമണം തുടരുകയാണ്. ഇതുവരെ നാലുവീടുകളും തെങ്ങ്, വാഴ ഉൾപ്പെടെയുള്ള കാർഷികവിളകളും കാട്ടാനകൾ നശിപ്പിച്ചു.
മൂന്ന് ആനകൾ വ്യാഴാഴ്ച രാത്രി വേലൻകാട് ജനവാസകേന്ദ്രത്തിനു അരകിലോമീറ്റർ അകലെ തന്പടിച്ചിരിക്കുകയാണ്. തുടർന്ന് കൊല്ലങ്കോട് റേഞ്ച് ഓഫീസർ സതീശന്റെ നേതൃത്വത്തിൽ വനപാലകരെത്തി ആനകളെ തുരത്താൻ ശ്രമം തുടങ്ങി. പ്രദേശത്തെ പാറയിൽ ടയർ കത്തിച്ച് തീയുണ്ടാക്കിയും പടക്കംപൊട്ടിച്ചുമാണ് ഇവയെ ഒഴിവാക്കാൻ ശ്രമിക്കുന്നത്.
മുൻകാലങ്ങളിൽ പടക്കം പൊട്ടിച്ചാൽ ആനകൾ കാട്ടിലേക്കു പോകാറുണ്ടെങ്കിലും ഇപ്പോൾ നിഷ്ക്രിയരാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച വേലൻകാട്ടിലെത്തിയ ആനകൾ ചെന്താമരാക്ഷന്റെ തോട്ടത്തിലെ അന്‍പതോളം വാഴകൾ, തെങ്ങ്, കവുങ്ങ് എന്നിവയും പ്രദേശത്തെ സഹദേവന്റെ നാല്പതു വാഴകളും നാലുതെങ്ങും കവുങ്ങും നശിപ്പിച്ചു.
മലയോരമേഖലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ആന, പുലി എന്നിവയെ ഒഴിവാക്കാൻ റാപ്പിഡ് റസ്പോണ്‍സ് ടീം രൂപീകരിക്കണമെന്നാണ് മലയോരനിവാസികൾ ആവശ്യപ്പെടുന്നത്.ഈയാവശ്യം ഉന്നയിച്ച് വനംവകുപ്പ് മേധാവി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നല്കാൻ ജനങ്ങൾ ഒപ്പുശേഖരണം തുടങ്ങി.