കോന്നി: തണ്ണിത്തോട്ടിലെ ജനവാസ മേഖലയിൽ തുടർച്ചയായി എത്തുന്ന കാട്ടാനകൾ ജനങ്ങൾക്ക് കൗതുകവും ഒപ്പം ഭീതിയും ഉയർത്തുന്നു. നെടുംപാറ മുതൽ കുത്താടിമൺ വരെ നിത്യസാന്നിധ്യമായ കാട്ടാനകൾ രാത്രികാല യാത്രക്കാരെയാണ് ഏറെയും ബുദ്ധിമുട്ടിക്കുന്നത്. തണ്ണിത്തോട്ടിൽ നിന്നും ചിറ്റാറിനുള്ള റോഡിലെ പല ഭാഗങ്ങളിലും കാട്ടാനകൾ ഇറങ്ങുന്നുണ്ട്.
വേനൽ ചൂടാണ് മുമ്പൊക്കെ ആനകൾ കാടിറങ്ങുന്നതിനു കാരണമായി കരുതിയതെങ്കിലും ഇതു മാത്രമല്ല കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോന്നി വനമേഖലയിൽ വേനൽമഴ കാര്യമായി ലഭിച്ചിട്ടും ആനയുടെ സാന്നിധ്യം ഉണ്ടായതാണ് ഇവയുടെ വരവിന്റെ കാ രണം ജല ലഭ്യതക്കുറവല്ലെന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്.
അടുത്തിടെ അടവിയിലെ വിനോദസഞ്ചാര മേഖലയിൽ തള്ളയാനയും കുട്ടിയും ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം എത്തിയത് പകൽ സമയത്താണ്. കോന്നിയിൽ നിന്നും തണ്ണിത്തോടിനുള്ള റോഡിലെ രാത്രികാല യാത്ര സുരക്ഷിതമല്ലെന്ന് വനം വകുപ്പ് മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇരുപതിനായിരത്തോളം ജനങ്ങൾ പാർക്കുന്ന ഈ വനാന്തര ഗ്രാമത്തിലെ ജനങ്ങൾക്ക് അടുത്ത ടൗണിൽ എത്തണമെങ്കിൽ 14 കിലോമീറ്റർ യാത്ര ചെയ്യണം.
കോന്നിയാണ് അടുത്ത ടൗൺ പ്രദേശം. കോന്നി – കൊക്കാത്തോട് റോഡിലും വന്യമൃഗങ്ങൾ ഇറങ്ങുന്നുണ്ട്. കോന്നി -അച്ചൻകോവിൽ റോഡിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതലുള്ള യാത്ര സുരക്ഷിതമല്ല. ഇതേ റോഡിൽ പകൽ സമയത്തും വന്യമൃഗങ്ങൾ ഇറങ്ങാറുണ്ട്. തണ്ണിത്തോട്ടിലെ അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും മുളംകുടിലിനു സമീപവും ആനകൾ എത്തിയിരുന്നു.