കോതമംഗലം: കാട്ടാന ശല്യം രൂക്ഷമായതോടെ പിണ്ടിമന-കോട്ടപ്പടി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ കുളങ്ങാട്ടുകുഴിയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിൽ. വീടുകൾക്ക് തൊട്ടടുത്തുവരെ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഒട്ടുമിക്ക ദിവസങ്ങളിലും കാട്ടാനകൾ നാട്ടിലിറങ്ങി വ്യാപകമായ തോതിൽ കൃഷി നശിപ്പിക്കുന്നുണ്ട്. നൂറുകണക്കിനു വാഴകളാണ് ആനകൾ നശിപ്പിച്ചത്. മറ്റു കാർഷികവിളകളും നശിപ്പിച്ചിട്ടുണ്ട്.
തോട്ടത്തിൽ പത്രോസ്, തോട്ടത്തിൽ മോളി, തോട്ടത്തിൽ ഐസക്, പാണിക്കാട്ട് ബേബി, പാലത്തിങ്കൽ മാത്യു, തോട്ടത്തിൽ എൽദോസ്, പറയരുകുടിയിൽ സൂബൈർ, മേപ്പുറത്ത് തങ്കപ്പൻ, മാപ്പലകയിൽ ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഞായറാഴ്ച ആനക്കൂട്ടം നാശം വിതച്ചത്. കുടുബശ്രീയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കൃഷിയും ആനക്കൂട്ടം നശിപ്പിച്ചു.
കോട്ടപ്പാറ വനാതിർത്തിയിലെ ഫെൻസിംഗ് മറികടന്നാണ് ആനകൾ നാട്ടിലിറങ്ങുന്നത്. ഫെൻസിംഗ് സ്ഥാപിച്ചശേഷം ഏതാനും മാസങ്ങളായി ആനകൾ കാട്ടിൽ തന്നെ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തീറ്റതേടി അവ നാട്ടിലെ കൃഷിയിടങ്ങളിലെത്തുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.