കോതമംഗലം: കീരന്പാറ പഞ്ചായത്തിലെ പുന്നേക്കാട് കാട്ടാന എത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വനപാലകരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് കാട്ടാനകൂട്ടത്തെ തുരത്തിയത്. ഓടിക്കുന്നതിനിടെ ആന തിരിഞ്ഞ് നാട്ടുകാർക്കേ നേരേ പാഞ്ഞടുത്തപ്പോൾ ചിതറിയോടി പത്തോളം പേർക്ക് പരിക്കേറ്റു. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കൂട്ടിക്കൽ ഭാഗത്തുനിന്നാണ് ആനകൾ പെരിയാർ നീന്തി ഇക്കരെ എത്തിയത്.
പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വനം വകുപ്പിന്റെ മാഞ്ചിയം പ്ലാന്റെഷന്റെ എസ് വളവ് ഭാഗത്താണ് ഇന്നലെ രണ്ട് കൊന്പന്മാർ മണിക്കൂറുകളോളം ഭീതി പടർത്തിയത്. പുലർച്ചെ 5.30ന് ജോലിക്ക് പോകാനായി നടന്നുവരുകയായിരുന്ന യുവാവാണ് വഴിയിൽ ആനപ്പിണ്ടം കണ്ട് പരിസരവാസികളെ വിവരം അറിയിച്ചത്. നാട്ടുകാർ പ്ലാന്റേഷനിലും സമീപ പുരയിടത്തിലും തെരച്ചിൽ നടത്തിയപ്പോഴാണ് വലുതും ചെറുതുമായ കൊന്പന്മാരെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കണ്ടെത്തിയത്.
രാവിലെ പത്തോടെ വനംവകുപ്പ് കോതമംഗലം റേഞ്ച് ഓഫീസർ പി.കെ.തന്പിയുടെ നേതൃത്വത്തിൽ വനപാലകരും വനം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും അടക്കം 40 ഓളം പേർ ചേർന്നാണ് ആനകളെ ഓടിക്കാൻ ശ്രമം ആരംഭിച്ചത്. ഇതിനിടെ രണ്ടുവട്ടം ആനകൾ വനപാലകരുടേയും നാട്ടുകാരുടേയും നേർക്കു തിരിഞ്ഞു. ആനയെ തുരത്താനായി പടക്കം എറിഞ്ഞപ്പോഴായിരുന്നു സംഭവം.
ഇതിനിടെ പ്ലാന്റേഷനിലെ നിരവധി മരങ്ങൾ ആനകൾ കുത്തിമറിച്ചു. പാറേക്കാട് ബിജു, ചെന്പിക്കോട്ടുകുടി അന്നമ്മ എന്നിവരുടെ പുരയിടത്തിൽ കയറി ഏതാനും വാഴയും റബറും നശിപ്പിച്ചു. പ്ലാന്റേഷനിൽ നിന്നിരുന്ന പനകൾ മറിച്ചിട്ട് തിന്നുകയും ചെയ്തു.ആനകളെ ഓടിച്ച് പെരിയാർ കടത്താനായി വനപാലകർ പുന്നേക്കാട്-തട്ടേക്കാട് റോഡിൽ ഗതാഗതം ഏതാനും മണിക്കൂർ നിർത്തിവയ്പ്പിച്ചു. വാഹനങ്ങളും കാൽനട യാത്രക്കാരേയും കടത്തിവിടാതേയും പരിസരത്ത് താമസിക്കുന്നവരേയും മാറ്റി നിർത്തി. വൈകിട്ടോടെയാണ് ആനകളെ തുരത്തിയോടിച്ചത്.