കോതമംഗലം: പശ്ചിമഘട്ട മലനിരകളിൽ കാട്ടുതീ പടരുന്നതും ജലക്ഷാമവും കാരണം കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നു. വെള്ളവും തീറ്റയും തേടി വനാതിർത്തി കടന്നെത്തുന്ന ഇവ കൃഷിയിടങ്ങൾക്കും മനുഷ്യജീവനുപോലും ഭീഷണിയാണ്.
വേനലിന്റെ കാഠിന്യം വർധിക്കുന്നതോടെ ജനവാസമേഖലകളിലേക്കു വന്യമൃഗങ്ങൾ കൂടുതലായി എത്തുമെന്ന ഭയത്തിലാണ് അതിർത്തിഗ്രാമവാസികൾ. വടാട്ടുപാറ തുണ്ടം ഭാഗത്തും നേര്യമംഗലം തൊട്ടിയാർ പദ്ധതി പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി കാട്ടാനകൾ കൂട്ടത്തോടെ തന്പടിച്ചിരിക്കുകയാണ്.
കുട്ടിയാനകളടക്കം പത്തോളം വരുന്ന കൂട്ടത്തെയാണ് തുണ്ടം ഭാഗത്ത് കണ്ടെത്തിയത്. തൊട്ടിയാറിൽ ഇരുപതിലേറെ വരുന്ന കാട്ടാനക്കൂട്ടമാണുള്ളതെന്നു വനപാലകർ പറഞ്ഞു. നേര്യമംഗലം വനത്തിലെ കാഞ്ഞിരവേലി, ഇഞ്ചപ്പതാർ നീണ്ടപാറ പ്രദേശത്ത് ഒരാഴ്ചയോളമായി കാട്ടുതീ പടരുന്നതാണ് തൊട്ടിയാർ മേഖലയിലേക്കു വന്യമൃഗങ്ങൾ നീങ്ങാൻ ഇടയായിട്ടുള്ളത്.
വനത്തിലെ പാറക്കെട്ടുകൾ വേനൽച്ചൂടിൽ ചുട്ടുപഴുത്തനിലയിലാണ്. ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിൽ കാട്ടാനക്കൂട്ടമെത്തിയിട്ട് ആഴ്ചകളേറെയായി. തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് മുന്പിലായിരുന്നു ആദ്യം കാട്ടാനകളുടെ സ്വൈര്യവിഹാരം.
ഇതുവഴി വന്ന വാഹന യാത്രക്കാർ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിരുന്നു. ആനക്കൂട്ടം ഫോറസ്റ്റ് ഓഫീസിന് ചേർന്ന് റോഡിലും എതിർവശത്ത് ചതുപ്പും പുൽമേടും നിറഞ്ഞ ഭാഗത്തും എത്താറുണ്ട്. പെരിയാറിൽ ആവോളം നീരാടി കരിന്പാനിക്കാട്ടിലേക്കും ഇവ ഇടയ്ക്കു നീങ്ങുന്നു.
പ്രദേശത്തു തന്പടിച്ചിട്ടുള്ള കാട്ടാനക്കൂട്ടം അക്രമകാരികളല്ലെന്നാണ് അധികൃതരുടെ നിരീക്ഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഭൂതത്താൻകെട്ട്-തുണ്ടം റോഡിലൂടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്നു വനപാലകർ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
വനാതിർത്തികളിൽ റെയിൽ ഫെൻസിംഗ് പോലുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ വന്യമൃഗശല്യം തടയാൻ കഴിയുകയുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്.