വടക്കഞ്ചേരി: കണിച്ചിപരുത വചനഗിരിയിൽ എഫ് സിസി അസീസി കോണ്‍വന്റ് തോട്ടത്തിൽ കാട്ടുകൊന്പന്റെ വിളയാട്ടം. തോട്ടത്തിന്റെ കന്പിവേലി നശിപ്പിച്ച് അകത്തുകടന്ന ആന വാഴ, കപ്പ തുടങ്ങി കണ്ടതെല്ലാം പിഴുതെറിഞ്ഞും ഒടിച്ചും കടപുഴക്കിയും നശിപ്പിച്ചു.
കുലവന്നതും കുലവരാറായതുമായ നൂറിൽപരം പൂവൻവാഴകൾക്കു പുറമേ കപ്പകൃഷിയും നശിപ്പിച്ചു. തോട്ടത്തിനു ചുറ്റും പോസ്റ്റ് നാട്ടി സ്ഥാപിച്ചിരുന്ന വേലിതകർത്താണ് ആന കൃഷിയിടത്തിലെത്തുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ആന പ്രദേശത്ത് കറങ്ങുകയാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.
കോണ്‍വന്റ് മുറ്റത്തും ആന എത്തുന്നതിനാൽ രാത്രികാലങ്ങളിൽ പേടിച്ച് കഴിയേണ്ട സ്ഥിതിയാണ്. ശബ്ദമുണ്ടാക്കിയാൽ പാഞ്ഞടുക്കുന്ന അപകടകാരിയായ ആനയാണ് ജനവാസകേന്ദ്രങ്ങളിലെത്തുന്നത്.
സമീപത്തെ റൂബി എസ്റ്റേറ്റിലും ആനകയറി വിളനശിപ്പിച്ചിട്ടുണ്ട്. ഒരു വർഷംമുന്‍പും കോണ്‍വന്റ് വളപ്പിൽ ആന കൂട്ടം ഇറങ്ങി വ്യാപകമായി വിളനാശം വരുത്തിയിരുന്നു. പിന്നീട് വനാതിർത്തിയിൽ സോളാർവേലി സ്ഥാപിച്ചപ്പോൾ ആനശല്യത്തിന് കുറവുണ്ടായി.
എന്നാൽ വൈദ്യുതിവേലിയിൽ സമീപത്തെ ചെറുമരങ്ങൾ തള്ളിയിട്ട് വേലി നശിപ്പിച്ചാണ് പീച്ചികാട്ടിൽനിന്നും ആനകൾ നാട്ടിലെത്തുന്നത്. വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് ശാശ്വതപരിഹാരമല്ലെന്നും വീതിയിലും ആഴത്തിലുമുള്ള കിടങ്ങുനിർമാണമാണ് പരിഹാരമാർഗമെന്ന് പതിറ്റാണ്ടുകളായി ആനശല്യംമൂലം ദുരിതമനുഭവിക്കുന്ന കർഷകർ ചൂണ്ടിക്കാട്ടുന്നു.
തരിശുനിലങ്ങൾ ഏറ്റെടുത്ത് കൃഷിയോഗ്യമാക്കുമെന്ന് പറയുന്ന സർക്കാർ, വന്യമൃഗശല്യംമൂലം ഉണ്ടാകുന്ന കൃഷി നാശം ഗൗരവത്തോടെ കാണുന്നില്ലെന്ന പരാതിയുണ്ട്. ഒരു വിളയും കൃഷി ചെയ്യാനാകാത്ത വിധം പ്രദേശങ്ങൾ തരിശിടേണ്ട ഗതികേടിലാണ് വനാതിർത്തിയോട് ചേർന്ന് സ്ഥലമുള്ള കർഷകരെല്ലാം.
ആനശല്യം ഒഴിവാക്കാൻ വനാതിർത്തിയിലുളള മരങ്ങളിലൂടെ കന്പിവലിച്ചുകെട്ടി അതിൽനിന്നും താഴേയ്ക്ക് നൂൽകന്പികൾ തൂക്കിയിടുന്ന അട്ടപ്പാടി മോഡൽ ആനവേലി കണിച്ചിപരുത പ്രദേശത്തും സ്ഥാപിക്കാൻ വനംവകുപ്പ് ആലോചനയുണ്ട്.
മരങ്ങളിൽ വലിച്ചുകെട്ടുന്ന കന്പിയിലെ നൂൽകന്പികളിൽ സോളാർ വൈദ്യുതി കടത്തിവിട്ട് ആനയെ നിയന്ത്രിക്കാമെന്ന് പറയുന്നു. എട്ടടി ഉയരത്തിൽ ഇത്തരത്തിൽ കന്പി തൂക്കിയിടാനാണ് പദ്ധതി.
പോത്തുചാടി, പനംകുറ്റി, കണിച്ചിപരുത, പാലക്കുഴി പുല്ലംപരുതവരെ വരുന്ന നാലര കിലോമീറ്ററിൽ ഇത്തരം കന്പി പരീക്ഷണം നടത്തും. ആദ്യഘട്ടമെന്ന നിലയിൽ ഒന്നരകിലോമീറ്റർ ദൂരം ആദ്യം കന്പി സ്ഥാപിക്കും. വിജയമാണെന്ന് കണ്ടാൽ കൂടുതൽ വനാതിർത്തിയിൽ ഇത്തരം വേലി സ്ഥാപിക്കാനാണ് തീരുമാനം.