കോട്ടയം: മലയോരഗ്രാമങ്ങള്‍ വീണ്ടും വന്യമൃഗഭീഷണിയില്‍. കോരുത്തോട്ടിലും മുണ്ടക്കയം എസ്റ്റേറ്റിലും പമ്പാവാലിയിലും കാട്ടാനശല്യം രൂക്ഷമായി. ഓണത്തിന് വില്ക്കാന് പാകമായ നാളികേരവും ഏത്തക്കുലകളും മറ്റുവിളവുകളും വ്യാപകമായി ആനകള്‍ നശിപ്പിച്ചു.
കോരുത്തോട്ടില്‍ കഴിഞ്ഞവര്‍ഷം പുലിയും ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കടുവയും ഇറങ്ങിയ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തിയ വനിത തൊഴിലാളി കടുവയെ കണ്ട് ഭയന്നോടിയതും അടുത്തയിടെയാണ്.
വനാതിര്‍ത്തി വിട്ട് കാട്ടുപന്നിയും മ്ലാവും കേഴയും കാട്ടുപോത്തും ജനവാസമേഖലയില്‍ വ്യാപകമായി കൃഷിനാശം വരുത്തുന്നു. കുട്ടിക്കാനം, പീരുമേട് മേഖലയില്‍ കരടിയും കാട്ടാനയും പുലിയും ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസം പീരുമേട് തേയിലത്തോട്ടത്തില്‍ വനിത തൊഴിലാളികള്‍ മൂന്നു പുലികളെ നേരില്‍ കണ്ടതോടെ ജോലിക്ക് ഇറങ്ങാന്ഭയമാണ്. വനപാലകരുടെ കാമറയില്‍ പുലിയുടെ ചിത്രം പതിയുകയും ചെയ്തിരുന്നു.
കണമലയില്‍ കാട്ടുപോത്ത് രണ്ടു കര്‍ഷകരെ കുത്തിക്കൊല്ലുകയും തുലാപ്പള്ളിയില്‍ കാട്ടാന കര്‍ഷകനെ കൊലപ്പെടുത്തുകയും ചെയ്തശേഷവും വനാതിര്‍ത്തി സുരക്ഷിതമാക്കാന്‍ നടപടിയുണ്ടായിട്ടില്ല. മലയോരമേഖലയില്‍ വന്യമൃഗ ശല്യത്തില്‍നിന്നു സുരക്ഷ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 17ന് പീരുമേട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.