വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലയായ പനംങ്കുറ്റിയിൽ രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തോട്ടങ്ങളിലും ചെറുനിലം ജോണി ഉൾപ്പെടെയുള്ളവരുടെ കൃഷിയിടങ്ങളിലുമാണ് വ്യാപകമായ നാശനഷ്ടം വരുത്തിവെച്ചിട്ടുള്ളത്.
മൂപ്പെത്തിയതും കുല വന്നതുമായ വാഴകളെല്ലാം നശിപ്പിച്ചു. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നിറങ്ങുന്ന ആനകളെ നിയന്ത്രിക്കാൻ സോളാർ വേലി, ട്രഞ്ച് കുഴിക്കൽ തുടങ്ങി ഇടക്കിടെ വനം വകുപ്പും എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉറപ്പു് നൽകുന്നുണ്ടെങ്കിലും ഒരു വർഷമായി ഒന്നും നടന്നിട്ടില്ലെന്നാണ് പരാതി.
പാലക്കുഴി റോഡിൽ നിന്നുള്ള പാത്രകണ്ടം വഴിയിലും കൈതക്കൽ ഉറവ ,ഒളകര എന്നിവിടങ്ങളിലായി 18 സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ലൈറ്റിന്റെ പ്രകാശത്തിൽ വഴിയിൽ ആന നിൽക്കുന്നത് കണ്ട് പേടിക്കാമെന്നല്ലാതെ കൃഷി നശിപ്പിക്കുന്നത് തടയാൻ ഈ വെളിച്ചം കൊണ്ട് കഴിയുന്നില്ലെന്നാണ് പരാതി.
പനംങ്കുറ്റി പ്രദേശത്ത് ഇത്തരം ലൈറ്റും സ്ഥാപിച്ചിട്ടില്ല. ഇതിനാൽ രാത്രിയിൽ ഇവിടെ വീടുകളിൽ കഴിയുന്നവർ ഏറേ ഭീതിയിലാണ്. മൂന്നാഴ്ച മുന്പാണ് മദ്ദമിളകിയ കാട്ടുകൊന്പൻ നാട്ടിലിറങ്ങി ഭീതിവിതച്ചത്. തോട്ടങ്ങളിൽ വാഴ, തെങ്ങ്, കവുങ്ങ്, റബർ, കുരുമുളക്, പൈനാപ്പിൾ തുടങ്ങിയവയൊന്നും കൃഷി ചെയ്യരുതെന്നാണ് വനം വകുപ്പിന്റെ ഉപദേശം.
പിന്നെ എന്ത് കൃഷി ചെയ്തതാണ് ജീവിക്കുകയെന്നാണ് കർഷകർ ചോദിക്കുന്നത്. ആനയുടെ പിണ്ഡം പരിശോധിച്ച് പ്രായം കണക്കാക്കി എന്തുകൊണ്ട് ഇവിടെ വിവിധ പ്രായത്തിലുള്ള ആനകൾ എത്തുന്നു എന്ന് പരിശോധിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്.
ആനകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്പോൾ അതിന് നഷ്ടപരിഹാരം നൽകാൻ പോലും വനംവകുപ്പ് തയ്യാറല്ലെന്നാണ് ആക്ഷേപം. വിവരം വനം വകുപ്പിനെ അറിയിച്ചാൽ കർഷകരെ അപഹാസ്യരാക്കുന്ന നിലപാടുകളാണ് അധികൃതർ സ്വീകരിക്കുന്നത്.