നെന്മാറ: നെല്ലിയാന്പതി മണലാരൂ എസ്റ്റേറ്റിനകത്തെ നൂറടി പുഴയിലെ ഗരുഡ ചെക്ക് ഡാം വെള്ളത്തിലിറങ്ങിയ കാട്ടാന മണിക്കൂറുകളായും കയറിയില്ല. ഇന്നലെ രാവിലെ മുതലാണ് പിടിയാന ചെക് ഡാമിനകത്തുനിൽക്കുന്നതു തൊഴിലാളികൾ കാണുന്നത്.
രാവിലെ മുതൽ കാട്ടാന കൂട്ടത്തിന്റെ ചിഹ്നം വിളി കേട്ടത്തിനെ തുടർന്നു തൊഴിലാളികൾ വനം വകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. കാട്ടാനയുടെ ശരീരം മുക്കാൽ ഭാഗവും വെള്ളത്തിൽ ഇറങ്ങിയ നിലയിലാണ്. സമീപത്തുതന്നെയായി മൂന്ന് ആനകളും നിൽപ്പുണ്ട്.
ഡാമിൽ ചെളിയിൽ പൂണ്ട് നിൽക്കുന്നതല്ല എന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. രാവിലെ മുതൽ തടയണയിൽ നിൽക്കുന്ന ആന ശരീരത്തിൽ വെള്ളം നനയ്ക്കുകയും മറ്റും ചെയ്യുന്നുണ്ടെങ്കിലും കരയ്ക്ക് കയറാൻ തയ്യാറാവുന്നില്ല.
ആനകളുടെ ഇണചേരുന്ന സമയമായതിനാൽ അതുമായി ബന്ധപ്പെട്ടോ, ശരീരത്തിലോ കൈകാലുകളിലെ ഉണ്ടായ പരിക്കുകളിൽ ഈച്ചയുടെയുും മറ്റു പ്രാണികളുടെയും ശല്യം ഒഴിവാക്കാനാകുമോ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നതായിരിക്കാമെന്ന് വനം റേഞ്ച് ഓഫീസർ പറഞ്ഞു.
ആന കരയ്ക്കു കയറുന്നതിന് പ്രദേശവാസികൾ ശല്യമാകാതിരിക്കാൻ ആളുകളെ പ്രദേശത്തേക്ക് കയറ്റിവിടുന്നതൊഴുവാക്കി. ഡെപ്യൂട്ടി വനം റേഞ്ച് ഓഫീസർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.