മലന്പുഴ: കനത്തമഴയിലും കാഞ്ഞിരംകടവിൽ കാട്ടാനകൾ എത്തി വൻനാശനഷ്ടമുണ്ടാക്കി. ബുധനാഴ്ച പുലർച്ചെ മൂന്നിന് എത്തിയ രണ്ടു കാട്ടാനകൾ ചൊവ്വല്ലൂർ ഷൈജുവിന്റെ വാഴത്തോട്ടം നശിപ്പിച്ചു. നായ കുരച്ച് ബഹളം വച്ചപ്പോൾ പിതാവിന്റെ സഹോദരപുത്രൻ വിൽസണ് വാതിൽ തുറന്നുനോക്കിയപ്പോഴാണ് കാട്ടാനകൾ വാഴത്തോട്ടം നശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടത്.
തുടർന്ന് ടോർച്ച് അടിച്ചും ബഹളം വച്ചുമാണ് ആനയെ തുരത്തിയത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് എത്തുന്പോഴേയ്ക്കും കാട്ടാനകൾ പുഴയിലൂടെ മറുകരയിലേക്കുപോയി. മഴക്കെടുതിയിൽ മലന്പുഴയുടെ പലയിടത്തും വെള്ളംകയറി.
ഇതുമൂലം ഗതാഗതതടസവും ജനജീവിതവും ദുരിതത്തിലായി. ആനശല്യം ഒഴിവാക്കാനും വെള്ളം ഒഴുകിപോകാനുമുള്ള സംവിധാനവും എത്രയുംവേഗം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ കനത്തതോടെ ഡാമിലും ജലനിരപ്പ് ഉയർന്നു ഏതുനിമിഷവും തുറന്നുവിടാവുന്ന സ്ഥിതിയാണ്.
കടുക്കാംകുന്നം- നിലന്പതിപാലം റോഡിലും വെള്ളം നിറഞ്ഞൊഴുകിയതോടെ മലന്പുഴ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വിനോദസഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം പുഴയിലൂടെ ഒഴുകിയെത്തി വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ടു.