മലന്പുഴ: മലന്പുഴയിൽ രണ്ടാംദിവസവും കാട്ടാനയിറങ്ങി ഭീതിപരത്തി. കെടിഡിസി ഹോട്ടലിനു സമീപത്തെത്തിയ കാട്ടാന ചെക്ക്ഡാമിൽ കുളിച്ചതിനുശേഷം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കറങ്ങി പാർക്കിനു ഇരുന്നൂറുമീറ്റർ അകലെ മലന്പുഴ-പാലക്കാട് റോഡ് മുറിച്ചുകടന്ന് കാട്ടിലേക്കു കയറിപോയി.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. ഈ സമയം റോഡിൽ സ്കൂൾ, സ്വകാര്യബസുകളും വിവിധ സ്ഥാപനങ്ങളിലേക്കു ജോലിക്കു പോകുന്നവരും ഏറെയായിരുന്നു. ഭാഗ്യംകൊണ്ട് ആരും ആനയുടെ ആക്രമണത്തിൽപെട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.
മെയിൻ റോഡ് മുറിച്ചുകടക്കുന്ന ആന തിരിഞ്ഞുനിന്ന് ആക്രമണം ശക്തമാക്കിയാൽ ഒട്ടേറെ പേരുടെ ജീവനും വാഹനങ്ങൾ അപകടമുണ്ടാകുമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു കറങ്ങിയ ആന സമീപത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശിച്ചിരുന്നെങ്കിൽ ഒട്ടേറെ കുരുന്നുകളുടെ ജീവനും അപകടത്തിലാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
സ്കൂൾ പരിസരത്തു ആനകൾ എത്തിയതറിഞ്ഞ് രക്ഷിതാക്കൾ ഭീതിയിലാണ്. ജനവാസകേന്ദ്രങ്ങളിലേക്ക് പകൽസമയത്തുപോലും എത്തുന്ന കാട്ടാനകളുടെ ശല്യത്തിനു എത്രയുംവേഗം അധികൃതർ പരിഹാരനടപടിയെടുക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരിക്കുകയാണ്.