കോതമംഗലം: മാമലക്കണ്ടം എളംബ്ലാശ്ശേരി ആദിവാസിക്കുടിയിൽ അഞ്ചുകുടി കമ്യുണിറ്റി ഹാളിന് സമീപം ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനകളെ രക്ഷപെടുത്തി. പിടിയാനയും കുട്ടിയാനയുമാണ് കിണറ്റിൽ വീണത്.
പേപ്പാറയിൽ പരേതനായ മത്തായിയുടെ ഭാര്യ പൊന്നമ്മയുടെ വീടിന് സമീപത്തുള്ള സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിലാണ് ആനകൾ വീണത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നേരെത്ത പൊന്നമ്മയുടെ വീട് തകർക്കപ്പെട്ടിരുന്നു.
പിന്നീട് ഷെഡ് കെട്ടിയാണ് ഇവിടെ താമസിച്ച് വന്നിരുന്നത്. കുടിലും കാട്ടാനകൾ നശിപ്പതോടെ പൊന്നമ്മ മത്തായി മാസങ്ങൾക്ക് മുമ്പ് പട്ടയക്കുടിയിൽ ഇവരുടെ തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തേക്ക് താമസം മാറിയിരുന്നു.
പുലർച്ചെ രണ്ടോടെയാകാം കാട്ടാനകൾ കിണറ്റിൽ വീണതെന്നാണ് പരിസരവാസികൾ പറയുന്നത്. കിണറിന് ആഴം കുറവായിരുന്നു. നാട്ടുകാരാണ് വനം വകുപ്പ് വാച്ചറമ്മാരെയും വനപാലകരെയും വിവരം അറിയിച്ചത്.
തുടർന്ന് രാവിലെ ഏഴോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 7.30 ഓടെ മണ്ണുമാന്തി യന്ത്രവും സ്ഥലത്തെത്തിച്ച് തള്ളയാനയെയും കുട്ടിയാനയയും രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.
കാഴ്ചക്കാരായി തടിച്ച് കൂടിയ നാട്ടുകാരെ സ്ഥലത്ത് നിന്നും സംരക്ഷണാർത്ഥം നീക്കം ചെയ്തു. പിന്നീട് കിണറിന്റെ വശങ്ങൾ ഇടിച്ച് തള്ളയാനയെയും പിന്നാലെ കുട്ടിയാനയെയും കരയ്ക്കു കയറ്റി. കരപറ്റിയ കുട്ടിയാനയും തള്ളയാനയും ചിന്നം വിളിച്ച് എളംബ്ലാശേരി റോഡിൽ കയറി വനത്തിലേക്ക് പാഞ്ഞു. പ്രദേശത്ത് കാട്ടാനക്കുട്ടമിറങ്ങി കൃഷി നാശം വരുത്തുന്നത് നിത്യ സംഭവമാണ്.