മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികകല്ലിലെ ആദിവാസി കോളനി വളഞ്ഞു കാട്ടാനകൂട്ടം. കൊന്പനും കുട്ടികളുമായി ആറെണ്ണമുള്ള കൂട്ടമാണ് ആദിവാസികൾക്ക് പുറത്തിറങ്ങാനാകാത്ത വിധം കോളനി വഴിയിലും പരിസരത്തുമായി തങ്ങുന്നത്.
തേൻ സീസണായതിനാൽ കോളനിയിലെ പുരുഷൻന്മാരെല്ലാം ഉൾ കാടുകളിലാണ്.സ്ത്രീകളും കുട്ടികളും മാത്രമാണ് കോളനിയിലെ പല വീടുകളിലുമുള്ളത്. രാത്രി കാലങ്ങളിൽ കോളനിയിൽ കയറി ആനകൾ അക്രമണ സ്വഭാവം കാണിക്കുന്നതായും പറയുന്നു.
കോളനിക്ക് ചുറ്റും വർഷങ്ങൾക്ക് മുന്പ് സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരുന്നെങ്കിലും യഥാസമയം പരിരക്ഷയില്ലാത്തതിനാൽ ഫെൻസിംഗിന്റെ പ്രവർത്തനമില്ല. ഇതിനാൽ ആനകൾക്ക് കോളനിയിലേക്ക് കടക്കാൻ ബുദ്ധിമുട്ടില്ല.
ശബ്ദമുണ്ടാക്കി ആന കൂട്ടത്തെ ഉൾക്കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ലെന്നാണ് ആദിവാസികൾ പറയുന്നത്. ആനകളെ തുരത്താൻ പടക്കം കൊടുത്ത് വിട്ട് വനപാലകരും രക്ഷക്കെത്തുന്നില്ലെന്ന് പരാതിയുണ്ട്. വേനലായതിനാൽ പടക്കം പൊട്ടിയുണ്ടാകുന്ന തീയിൽ കാട്ടിൽ തീപിടുത്ത സാധ്യതകളുമുണ്ട്.
കോളനിക്കടുത്ത് പഴയ കാലങ്ങളിൽ ആനകളെ പിടിക്കാൻ നിർമ്മിച്ചിരുന്ന കുഴികളുള്ള നിരപ്പായ സ്ഥലത്താണ് ആനകൾ താവളമാക്കിയിട്ടുള്ളത്. ഇവിടെ വനപാലകരുടെ വാച്ചർ ഷെഡുണ്ടെങ്കിലും ഇവിടെ ഇപ്പോൾ വനപാലകർ താമസമില്ല.
ഈറ്റ കാടുകൾ ഉള്ള പ്രദേശമായതിനാൽ ആനകൾക്ക് ഇവിടെ തീറ്റ തേട്ിയാണ് എത്തുന്നത്. സമീപത്തെ തോട്ടിലിറങ്ങി വെള്ളം കുടിച്ച് കോളനി വഴിയിൽ തന്നെ തങ്ങുകയാണ് ആനക്കൂട്ടം.
കോളനിക്കടുത്ത് ഇതിനു മുന്പും ആനകൾ എത്താറുണ്ടെങ്കിലും കോളനി വഴിയിൽ തങ്ങി പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകാറില്ല. തോട് കടന്ന് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലേക്കും ആന കടക്കുന്നുണ്ട്.
കഴിഞ്ഞ നാല്പത് വർഷമായി ഇത് ആദ്യമായാണ് ആനകൾ തോട് കടന്ന് കുഞ്ചിയാർ പതിയുടെ താഴ്വാരങ്ങളിലെത്തുന്നത്. പോത്തം തോട് ഭാഗത്ത് സ്ഥിരമായി ആനശല്യമുണ്ട്.
ഇവിടെ വിളകൾ നശിപ്പിക്കൽ നിത്യസംഭവമാണെന്ന് കർഷകർ പറയുന്നു. വൈകുന്നേര ത്തോടെ തന്നെ ആനകൾ കൃഷിയിടങ്ങളിലെത്തും.
കോളനിക്കു ചുറ്റും തന്പടിച്ചിട്ടുള്ള കാട്ടാന കൂട്ടത്തെ ഉൾക്കാട്ടിലേക്ക് കയറ്റി വിടാൻ വനപാലകർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.