ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: ഭീതിയുടെ മുൾമുനയിലാണ് ഓടംതോട് ചടച്ചിക്കു ന്നിലെ ചെങ്ങനാനിക്കൽ തോമസും കുടുംബവും.
ആന, പുലി, പന്നി ഉൾപ്പെടെ കാട്ടുമൃഗ ഭീഷണിയാണ് വീടിനു ചുറ്റും. പുറത്തിറങ്ങാൻ കഴിയുന്നില്ല. സമീപത്തൊന്നും വീടുകളില്ല.
വലിയ തോട്ടങ്ങൾക്കരികെ ഒറ്റപ്പെട്ട വീട്. നേരത്തെ ഇവർക്ക് അയൽവാസികളുണ്ടായിരുന്നു. കാലവർഷക്കെടുതികളും കാട്ടുമൃഗശല്യവും മൂലം മറ്റു വീട്ടുകാർ താമസം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി.
ഇന്നലെ രാത്രി ആന കൂടി എത്തിയതോടെ തോമസിന്റെ വീട്ടുകാർക്ക് ആധിയേറി. തൊട്ടുള്ള തോട്ടങ്ങളിലാണ് ആനകൾ ഏറെ മണിക്കൂറുകളുണ്ടായിരുന്നത്.
തോമസിന്റെ വീടിനടുത്ത കയ്യാലക്കെട്ട് കടന്ന് ആനകൾ എത്തിയതിന്റെ കാൽപ്പാടുകളുണ്ട്. ഉറക്കെ നിലവിളിച്ചാൽപോലും ഇവിടെ ആരും കേൾക്കാനില്ല.
രാത്രി ഇടിയും മഴയുമുള്ള സമയമാണെങ്കിൽ എന്തുവന്നാലും സഹിക്കുക തന്നെ. തോമസും ഭാര്യ ഏലിക്കുട്ടിയും മകൻ അനീഷും കുടുംബവുമാണ് വീട്ടിലുള്ളത്.
അനീഷും കുടുംബവും ജോലിക്കായി പോയാൽ പിന്നെ തോമസും ഭാര്യയും മാത്രമേ വീട്ടിലുണ്ടാകൂ. വാഹനം എത്തുന്ന സ്ഥലത്ത് എത്താൻതന്നെ ഒരു കിലോമീറ്ററോളം ദുർഘട വഴി താണ്ടണം.
ഇരുചക്ര വാഹനം പോലും വീട്ടിലെത്താൻ വഴിയില്ല. ഉരുൾപൊട്ടലിനെതുടർന്ന് വഴിയെല്ലാം ഒലിച്ചുപോയി. വീടിനടുത്തെ കിണറും മണ്ണു നികന്ന് ഇല്ലാതായെന്ന് ഏലിക്കുട്ടി പറഞ്ഞു.
തോട്ടിലെ വെള്ളമാണ് കുടിവെള്ളത്തിനും മറ്റും ആശ്രയം. ഇക്കുറി വേനൽ മഴ കിട്ടിയതിനാൽ കുടിവെള്ളക്ഷാമമില്ല.അതിനു ബദലായി ഇതുവരെ ഉണ്ടാകാത്ത ആന ശല്യമാണ് പുതിയ ഭീഷണി.
വനംവകുപ്പ് തങ്ങളുടെ സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
സ്ഥലം വിട്ടു പോകാൻ താത്പര്യമുള്ളവർക്കു നഷ്ടപരിഹാരം നൽകാൻ ഫണ്ട് ഉണ്ടെങ്കിലും വനംവകുപ്പ് അതിനു വേണ്ട നടപടികൾ ത്വരിതപ്പെടുത്തുന്നില്ലെന്നു പറയുന്നു.
തങ്ങളുടെ ജീവനുതന്നെ ഭീഷണിയായിട്ടുള്ള സാഹചര്യത്തിൽ വനം വകുപ്പിന്റെ അടിയന്തിര ഇടപെടൽ തങ്ങളുടെ അപേക്ഷകളിൽ ഉണ്ടാകണമെന്നാണ് തോമസ് ആവശ്യപ്പെടുന്നത്.
വനാതിർത്തികളിൽനിന്നും ആളുകളെ മാറ്റി വന വിസ്തൃതി കൂട്ടാൻ വ്യവസ്ഥയുണ്ട്. ഇതു നടപ്പിലാക്കണം.വിളകളെല്ലാം കാട്ടുമൃഗങ്ങൾ നശിപ്പിച്ച് നിത്യ ചെലവുകൾക്കു തന്നെ ഗതിയില്ലാത്ത സ്ഥിതിയാണ് പല മലയോരവാസികൾക്കുമുള്ളത്. അധ്വാനമെല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാകുന്നു.
ഇത്രയും കഷ്ടതയേറിയ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് തോമസും കുടുംബവും.