മറയൂർ: കാന്തല്ലൂർ കീഴാന്തൂരിൽ രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്ത് തമ്പടിച്ച് സ്കൂളിന്റെ ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു. സ്കൂൾ ചുവരിലും കേടുപാടു വരുത്തി. മറയൂർ – കാന്തല്ലൂർ റോഡിലെ കീഴാന്തൂർ പാലത്തിനു സമീപമുള്ള സെന്റ് ജോസഫ് എൽപി സ്കൂളിന്റെ പരിസരത്താണ് രാത്രി മുഴുവനും കാട്ടുകൊമ്പന്മാരുടെ വിളയാട്ടം ഉണ്ടായത്.
സെന്റ് ആൻസ് സന്യാസിനി കളുടെ മേൽ നോട്ടത്തിൽ നടത്തിവരുന്ന ഹോസ്റ്റൽ സ്കൂൾ വളപ്പിനുള്ളിലാണ്. ഇന്നലെ രാത്രി രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്തും ചുറ്റുമുള്ള കൃഷിത്തോട്ടത്തിലുമെത്തി പച്ചക്കറികൾ നശിപ്പിക്കുകയും സ്കൂളിന്റെ മുൻവശത്തെത്തി ഗേറ്റ് തകർക്കുകയും ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലമായി കാട്ടാനക്കൂട്ടങ്ങൾ തമ്പടിച്ചിരുന്നു.
പകൽ സമയത്തുപോലും കൃഷിയിടത്തിലാണ് കാട്ടാനകൾ കഴിയുന്നത്. കഴിഞ്ഞദിവസം പെരുമലയിൽ ഹോസ്റ്റലിന്റെ വളപ്പി നുള്ളിലും കാട്ടാനകൾ കയറിയിറങ്ങി. മറയൂർ – കാന്തല്ലൂർ റോഡിലും കാന്തല്ലൂർ – പെരുമള്ള റോഡിലും രാത്രികളിൽ കാട്ടാനക്കൂട്ടം നടക്കുന്നത് സ്ഥിര കാഴ്ചയാണ്.
കഴിഞ്ഞദിവസം കാട്ടാനകൾ പുത്തൂർ ഗ്രാമത്തിൽ കയറി കൃഷി നശിപ്പിച്ചപ്പോൾ ഇതുവഴി എത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ച സംഭവവും ഉണ്ടായി. എന്നിട്ടും കാട്ടാനകളെ തുരത്താനുള്ള നടപടി സ്വീകരിക്കാൻ വനംവകുപ്പ് തയാറായില്ലെന്നും നാട്ടുകാർ പറയുന്നു.