പേരാമ്പ്ര: മരോട്ടിക്കുഴി മർക്കോസിന്റെ വീട് കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം തകർത്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണിയിൽ കാടിനോടും വന്യമൃഗങ്ങളോടും പടപൊരുതി ജീവിക്കുന്ന മർക്കോസിനെക്കുറിച്ചു മുമ്പും രാഷ്ട്രദീപിക റിപ്പോർട്ട് നൽകിയിരുന്നു.
വന്യമൃഗശല്യം കാരണം ജീവിതം മടുത്ത അയൽവാസികളെല്ലാം കൃഷിയും കിടപ്പാടവും ഉപേക്ഷിച്ചു മലയിറങ്ങിപ്പോയപ്പോഴും അഞ്ചര ഏക്കർ സ്ഥലത്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ചയാളാണു മർക്കോസ്. ആകെയുണ്ടായിരുന്ന കിടപ്പാടമാണു ഇപ്പോൾ തകർത്തത്.
ഏക മകൾ ഗ്ലോറിയും ഭർത്താവ് അജേഷിനുമൊപ്പം ചെമ്പനോടയിലാണു കുറച്ചു കാലമായി മർക്കോസ് കഴിയുന്നത്. തിരിച്ചു കരിങ്കണ്ണിയിലെ സ്വന്തം വീട്ടിലേക്കു പോകാനിരിക്കെയാണു കാട്ടാന വീട് തകർത്തത്. മുൻ വർഷവും വീടിനു നേരെ കാട്ടാനാകളുടെ അതിക്രമം ഉണ്ടായിരുന്നു. അന്നും വീട് ഭാഗികമായി നശിച്ചു. ഇരുപതിനായിരത്തോളം രൂപ മുടക്കി നന്നാക്കിയ വീടാണു ഇപ്പോൾ വീണ്ടും തകർത്തത്.
വീടും കൃഷിയും വരുമാനവും വന്യമൃഗങ്ങൾ കൈവശപ്പെടുത്തിയ സാഹചര്യത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കു താമസം മാറ്റാനാണു ഈ വയോധികന്റെ തീരുമാനം.