മുക്കൂട്ടുതറ: കൊമ്പനും പിടിയാനയും കുട്ടിയാനയും അടക്കം അഞ്ച് ആനകൾ അർധരാത്രിയിൽ വീടിനു മുന്നിലെത്തി. വീട്ടിലേക്കുള്ള വൈദ്യുതി ലൈനിന്റെ സർവീസ് കേബിൾ പൊട്ടിച്ചാണ് ആനകൾ എത്തിയത്. ഇരുട്ടിൽ ശബ്ദം കേട്ട് ടോർച്ച് വെളിച്ചത്തിൽ നോക്കിയ വീട്ടുകാർ മുറ്റത്ത് ആനക്കൂട്ടത്തെ കണ്ട് ഭയന്നരണ്ടു.
പറമ്പിലെ കുലച്ച വാഴകൾ നശിപ്പിച്ച ആനക്കൂട്ടം സമീപവാസികളുടെ പറമ്പുകളിലും എത്തി കൃഷികൾ തകർത്താണ് മടങ്ങിയത്. മുട്ടപ്പള്ളി വാർഡിൽ കുട്ടപ്പായിപ്പടി വനാതിർത്തിയിലാണ് ഇന്നലെ പുലരുംവരെ കാട്ടാനകൾ ഭീതി സൃഷ്ടിച്ചു കൃഷികൾ നശിപ്പിച്ചത്. തത്തംകുളം ടി. ജെ. വർഗീസിന്റെ വീട്ടുമുറ്റത്ത് എത്തിയ ആനക്കൂട്ടം വൈദ്യുതി ലൈനുകളും പോസ്റ്റും തകർക്കാൻ ശ്രമിച്ചു.
ആനകൾ തള്ളിയതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് ചെരിഞ്ഞ നിലയിലാണ്. മുളങ്ങാശേരി സിബി, കമ്പിയിൽ ശ്രീജിത്ത്, ചൂണ്ടശേരി സിന്ധു സോമൻ എന്നിവരുടെ കൃഷികളും റബറും കമുകുകളും വാഴ കൃഷികളും ആനക്കൂട്ടം ചവിട്ടി മെതിച്ച നിലയിലാണ്.
പ്രദേശത്ത് ഇനിയും ആനക്കൂട്ടം എത്തുമെന്ന ഭീതിയും ആശങ്കയും വ്യാപകമായിരിക്കുകയാണ്. വാർഡ് അംഗം എം.എസ്. സതീശ് സ്ഥലം സന്ദർശിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ച വാർഡ് അംഗം അടിയന്തരമായി ഫെൻസിംഗ് വനാതിർത്തിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രദേശത്ത് വനപാലകരുടെ സാന്നിധ്യവും ആവശ്യപ്പെട്ടിട്ടുണ്ട്.