മുണ്ടക്കയം: കോരുത്തോട്ടിൽ പട്ടാപ്പകൽ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ. കണ്ടങ്കയം നിവാസികൾ ഭീതിയിൽ.ഒരു മാസത്തിനുള്ളിൽ എട്ടു തവണയാണ് കാട്ടാനക്കൂട്ടം കണ്ടങ്കയത്ത് എത്തിയത്. ഇരുളിന്റെ മറവിലായിരുന്നു ഇതുവരെ ജനവാസമേഖലിയിൽ കാട്ടാനകൾ ഇറങ്ങിയിരുന്നത്. എന്നാൽ ഇന്നലെ പട്ടാപ്പകലാണ് അഞ്ചോളം കൊന്പനാനകളുടെ നേതൃത്വത്തിൽ പതിനാലോളം കാട്ടാനകൾ കോരുത്തോട്, കണ്ടങ്കയം ഭാഗത്ത് എത്തിയത്.
അഴുതയാർ നീന്തിയെത്തിയ കാട്ടാനക്കൂട്ടത്തെ ജനവാസ കേന്ദ്രത്തിലേക്ക് കയറ്റാതിരിക്കാൻ വനപാലകരും കർഷകരും നിലയുറപ്പിച്ചു. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പ്രതിരോധത്തിനൊരുങ്ങിയെങ്കിലും കൊന്പനും മക്കളും ആദ്യം പിൻതിരിയാൻ തയാറായില്ല. ദീർഘ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവ വനത്തിലേക്ക് പോകാൻ തയാറായത്.
അഴുതയാറിന്റെ വശത്തിലൂടെ നീന്തി കളിച്ചും ഇടയ്ക്കു ചിന്നം വിളിച്ചും നീങ്ങിയ ആനക്കൂട്ടത്തെ കാണാൻ നിരവധി പേരാണ് എത്തിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടുതവണയാണ് കണ്ടങ്കയം ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്.
രാത്രി കാലങ്ങളിൽ ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കണം എന്ന ആവശ്യം ഉയർന്നതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, തുടർ നടപടികൾ ഇതുവരെയുണ്ടായിട്ടില്ല.