മുതലമട: ചെമ്മണാംപതിയിൽ വീണ്ടും ജനവാസകേന്ദ്രത്തിൽ ഒറ്റയാൻ ഭീതിപരത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാഴ, തെങ്ങ് മുതലായവ പിഴുതെറിഞ്ഞ ആന പിന്നീട് അരശമരക്കാട് തെങ്ങിൻതോട്ടത്തിലെ കാര്യസ്ഥനായ മാധവന്റെ കന്പിവേലി തകർത്തു വീട്ടുവളപ്പിലേക്കു കയറി. ആന തെങ്ങുകൾ പിഴുതെറിയുന്ന ശബ്ദംകേട്ട മാധവന്റെ ഭാര്യ കാർത്ത്യായനിക്ക് പ്രാണരക്ഷാർഥം ഓടുന്നതിനിടെ താഴെ വീണു പരിക്കേറ്റു.
ഇവരെ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. കഴിഞ്ഞ മൂന്നുമാസമായി എട്ടംഗ ആനക്കൂട്ടം ചെമ്മണാംപതി, അരശമരക്കാട്, എലവഞ്ചേരി, കൊളുന്പ് എന്നിവിടങ്ങളിൽ കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവാണ്.കൊല്ലങ്കോട് വനംവകുപ്പ് ഫോറസ്റ്റർ വീണ്ടും ആനയിറങ്ങിയത് അറിഞ്ഞ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ആന പകൽസമയത്ത് കാടുകയറിയിരുന്നു.
ആനകളുടെ വിളയാട്ടംമൂലം അശരമരക്കാടും പരിസപ്രദേശങ്ങളിലും സന്ധ്യയാകുന്നതോടെ നിരത്തുകളിൽ ആൾസഞ്ചാരം തന്നെ നിലച്ചു. വനംവകുപ്പ് ഏർപ്പെടുത്തിയ പ്രതിരോധനടപടികളും ഫലവത്താകുന്നില്ലെന്ന പരാതി ശക്തമാണ്.