നാദാപുരം: കാട്ടാനശല്യം രൂക്ഷമായ കണ്ടിവാതുക്കലില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് വൈദ്യുതി വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. നാശനഷ്ടം മുഴുവന്‍ സംഭവിച്ചത് കണ്ണവം വനത്തോട് ചേര്‍ന്ന കൃഷിയിടത്തിലാണ്.
വനത്തിനുള്ളില്‍ തമ്പടിച്ചിരുന്ന കാട്ടാനകള്‍ രാത്രി സമയങ്ങളില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയുമാണ് പതിവ്. വാഴ, കവുങ്ങ് ,തെങ്ങ്, കൊക്കോ, കുരുമുളക്, പന തുടങ്ങിയവ പിഴുതെടുത്ത് കാമ്പും മറ്റ് ഭാഗങ്ങളും ഭക്ഷിച്ച ശേഷം രാവിലെയോടെ തിരിച്ച് വനത്തിനുള്ളിലേക്ക് കയറിപ്പോവുകയാണ് ചെയ്യുന്നത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് വൈദ്യുതി വേലി സ്ഥാപിച്ചാല്‍ കാട്ടാന ശല്യം ഒഴിവാകുമെന്ന് നാട്ടുകാര്‍ പറയുന്നു.ചെങ്കുത്തായ വനാതിര്‍ത്തിയില്‍ ചില ഭാഗങ്ങളില്‍ കൂടിയാണ് ആനക്കൂട്ടം സഞ്ചരിക്കുന്നത് ഇവിടങ്ങളില്‍ വേലി സ്ഥാപിച്ചാല്‍ ഒരു പരിധി വരെ കര്‍ഷകര്‍ക്ക് ആശ്വാസമാകും.നിലവില്‍ ജാവാസകേന്ദ്രങ്ങളില് ആനക്കൂട്ടം എത്തിയിട്ടില്ല.
എന്നാല്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ ആയോട് മേഖലയില്‍ കണ്ണവം വനത്തോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്.ഇവരുടെ വീടുകള്‍ക്ക് ഏതാനും മീറ്ററുകള്‍ അപ്പുറത്ത് വരെ ആനക്കൂട്ടം എത്തിയിട്ടുണ്ട്. വേനല്‍ അടുക്കുന്നതോടെ കാട്ടരുവികള്‍ വറ്റിയാല്‍ ഇവ ജനവാസ കേന്ദ്രമായ കണ്ടിവാതുക്കലില്‍ അനക്കൂട്ടമെത്തുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. എന്നാല്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ വൈദ്യുതി വേലി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.