മൂന്നാർ: കഴിഞ്ഞവർഷം ലോക്ക് ഡൗണ്‍ കാലത്ത് മൂന്നാർ ടൗണിലെ കടകളിലെത്തി വികൃതികൾ കാട്ടിയ കാട്ടാനകൾ നഗരം ലോക്ക് ഡൗണിലായതോടെ വീണ്ടുമെത്തി.
മൂന്നാർ നല്ലതണ്ണി ജംഗ്ഷനു സമീപത്തുള്ള പാലത്തോടു ചേർന്നുള്ള പച്ചക്കറി കടകളാണ് കാട്ടാനകൾ ആക്രമിച്ചത്.
പാപ്പുകുഞ്ഞ്. അയ്യപ്പൻ എന്നിവരുടെ കടകളിലായിരുന്നു ആക്രമണം. കടകൾക്കു കേടുപാടുകൾ വരുത്തിയ കാട്ടാനകൾ കടകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അകത്താക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി 11-ഓടെയാണ് കൊന്പനും കുട്ടിയാനയുമുൾപ്പെടെ രണ്ടാനകൾ ടൗണിലെത്തിയത്.
വിവരമറിഞ്ഞതോടെ സമീപ പ്രദേശങ്ങളിലുള്ളവർ ആനയെ കാണാൻ എത്തുകയും ചെയ്തു. ആളുകളുടെ തിരക്ക് വർധിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ ആനകൾ പെരിയവര റോഡിലെത്തി കാട്ടിലേക്ക് മടങ്ങി.
പാപ്പുകുഞ്ഞിന്റെ കടയ്ക്കുനേരെ നാലാം തവണയും അയ്യപ്പന്റെ കടയ്ക്കുനേരെ രണ്ടാം തവണയുമാണ് ആക്രമണമുണ്ടാകുന്നത്.
നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും മൂന്നാർ മേഖലയിലെ വന്യജീവി ശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
ജനവാസ മേഖലയിലെ കാട്ടാന ശല്യത്തിനുപുറമെ തോട്ടം മേഖലയിൽ വളർത്തുമൃഗങ്ങൾക്കുനേരെ പുലിയുടെ ആക്രമണവും രൂക്ഷമാണ്.