![](https://www.rashtradeepika.com/library/uploads/2020/07/kattana-neW.jpg)
കോതമംഗലം: പൂയംകുട്ടി കപ്പേളപ്പടിയില്‍ ജനവാസ മേഖലയില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. പോയ പോക്കില്‍ കലിപ്പ് തീര്‍ത്ത് കുട്ടിക്കൊമ്പന്‍. റോഡരികില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ കുത്തി തെറിപ്പിച്ചു, ചവിട്ടിക്കൂട്ടി.
പ്രദേശത്ത് കാട്ടാനശല്യം മൂലം ജന ജിവിതം പൊറുതിമുട്ടിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു.
ജില്ലാ കളക്ടറോ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരോ എത്തി പ്രശ്‌ന പരിഹാരത്തിന് ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമേ കിണറ്റില്‍ വീണ ആനയെ കയറ്റാന്‍ അനുവദിക്കുകയുള്ളു എന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
ഇന്ന് രാവിലെ 6.30 ഓടെയാണ് ഏകദേശം ഇരുപത് വയസിന് മേല്‍ പ്രായം തോന്നിക്കുന്ന കൊമ്പനാന പൂയംകുട്ടി കപ്പേളപ്പടി പടിഞ്ഞാറേക്കര എല്‍ദോസിന്റെ കിണറ്റില്‍ വീണത്.
പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറാണ് എല്‍ദോസ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടമ്പുഴ റേഞ്ച് ഓഫിസര്‍ റോബിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വനപാലക സംഘം ഉടന്‍ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു. കിണറിന് ഏകദേശം 15 അടിയോളമേ ആഴമുള്ളു.
അധികം വെള്ളം ഇല്ലാത്തതിനാല്‍ ആനയ്ക്ക് അപകട സാധ്യതയില്ല ഉണ്ടായിരുന്നില്ല. കിണറ്റില്‍നിന്ന് കരകയറാന്‍ ആന പരാക്രമങ്ങള്‍ നടത്തി. പ്രശ്‌ന പരിഹാരത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ഉറപ്പ് നല്‍കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍. കുട്ടമ്പുഴ പോലീസും സ്ഥലത്തെത്തി.