വടക്കഞ്ചേരി: പീച്ചി വന്യ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും രാപകൽ വ്യത്യാസമില്ലാതെ കാട്ടാന കൂട്ടങ്ങൾ റോഡുകളിലും കൃഷിയിടങ്ങളിലും താവളമുറപ്പിക്കുന്നത് കിഴക്കഞ്ചേരിയുടെ മലയോര പ്രദേശമായ കണിച്ചിപരുത, പാലക്കുഴി മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കുന്നു.ഇന്നലെ രാവിലെ ഏഴ് മണിക്കാണ് കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിച്ച ആറെണ്ണം വരുന്ന കാട്ടാന കൂട്ടം പാലക്കുഴിക്കുള്ള റോഡിലൂടെ ഏറെ ദൂരം നടന്ന് കാട്ടിലേക്ക് കയറിയത്.
ഫോറസ്റ്റ് വാച്ചർ ഷെഡിനടുത്തെ റോഡിൽ ഇറക്കവും വളവുമുള്ള ഭാഗത്താണ് ആന കൂട്ടം ഇറങ്ങിയത്. ആന ഇറങ്ങിയ വിവരം പരസ്പരം ഫോണിലൂടെ കൈമാറിയതിനാൽ ഈ സമയം ആനക്ക് മുന്നിൽ ആരും പ്പെട്ടില്ല. അതല്ലെങ്കിൽ വലിയ അത്യാഹിതം തന്നെ ഇവിടെ സംഭവിക്കുമായിരുന്നു.
മൂന്ന് ദിവസം മുന്പാണ് ഇവിടെ വെച്ച് വാച്ചറേയും കർഷകരേയും ആന ഓടിപ്പിച്ച സംഭവമുണ്ടായത്.താണിചുവട്, കൈതക്കൽ ഉറവ വഴി, പാത്രകണ്ടം വഴി, ഒളകര റോഡ് എന്നിവിടങ്ങളിലെല്ലാം ആനയെ പേടിച്ച് യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണെന്ന് പ്രദ്ദേശവാസിയായ ഉൗന്നു പാലത്തിങ്കൽ സിറിൽ ബെന്നി പറഞ്ഞു. ആനകൾ റോഡിൽ ഇറങ്ങുന്നതിനാൽ കുട്ടികൾക്ക് യഥാസമയം സ്കൂളിലെത്താനാകാത്ത സ്ഥിതിയാണ്. ജോലിക്ക് പോകുന്നവരും വഴിയിൽ കുടുങ്ങുകയാണ്.
മുന്പൊക്കെ രാത്രി മാത്രമാണ് ആനകൾ നാട്ടിലെത്തിയിരുന്നത്. മാസങ്ങളേറെ കാട്ടാന ശല്യം രൂക്ഷമായിട്ടും എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളോ വനംവകുപ്പോ യാതൊരു പരിഹാര നടപടികളും സ്വീകരിക്കുന്നില്ലെന്നതാണ് ജനങ്ങളെ ഏറെ രോക്ഷാകുലരാക്കുന്നത്. കാട്ടുമൃഗങ്ങളെയെല്ലാം നാട്ടിലേക്കിറക്കി ജനങ്ങളെ മുഴുവൻ ഓടിക്കുന്നതിനുള്ള വഴികളാണ് വനം വകുപ്പ് സ്വീകരിക്കുന്നത്. വനം വകുപ്പിന്റെ ഈ സമീപനം തുടർന്നാൽ ജീവൽ മരണസമരങ്ങളിലേക്കാകും കർഷകർ നീങ്ങുക.
രാഷ്ട്രിയം നോക്കിയുള്ള ജനപ്രതിനിധികളുടെ ഇടപെടലുകളും ചോദ്യം ചെയ്യപ്പെടും. ഏറ്റവും അടിയന്തിരമായി വനാതിർത്തിയിൽ സോളാർ ഫെൻസിങ്ങ് സ്ഥാപിച്ച് ആനശല്യം ഒഴിവാക്കണം. കാട്കയറാത്ത ആന കൂട്ടങ്ങളെ ഉൾക്കാട്ടിൽ കയറ്റാൻ നടപടി വേണം. ആനകൾ സ്ഥിരമായി എത്തുന്ന പാലക്കുഴി റോഡിൽ വനപാലകരുടെ സേവനം ഉറപ്പാക്കണം.വൈദ്യുതി ലൈൻ പോകുന്ന ഇവിടെ തെരുവ് വിളക്കുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.