അഗളി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതിപരത്തി അട്ടപ്പാടിയിലെ ജനവാസകേന്ദ്രത്തിനടുത്ത് അറുപതിലധികം കാട്ടാനകൾ. പതിനഞ്ചുദിവസം പ്രായമായ ആനക്കുഞ്ഞും സംഘത്തിലുണ്ട്. ഒറ്റയ്ക്കും കൂട്ടായും ചെറുസംഘങ്ങളായും ജനവാസകേന്ദ്രത്തിനടുത്തായി നിലകൊള്ളുകയാണ് കാട്ടാനകൾ. സന്ധ്യയ്ക്കു മുന്പുതന്നെ ഇവ കൃഷിയിടത്തിലേക്കു പ്രവേശിക്കും. നേരം പുലർന്നാലും കാട്ടിലേക്കു മടങ്ങണമെന്നില്ല. ചക്കയും മാങ്ങയും പാകമാകാൻ തുടങ്ങിയതോടെ ആനകളുടെ വരവ് വർധിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിൽനിന്നും കൊടുങ്ങരപ്പള്ളം കടന്ന് അട്ടപ്പാടിയിലേക്ക് പ്രവേശിക്കാൻ മുപ്പതോളം കാട്ടാനകൾ തക്കം പാർത്തിരിക്കുകയാണ് വനം ജീവനക്കാർ പറയുന്നു. കോട്ടത്തറ, കൽമുക്കിയൂർ, വട്ടലക്കി, ദാസന്നൂർ, മരപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് അധികമായി ആനകൾ അട്ടപ്പാടിയിലേക്ക് കടക്കുന്നത്. കൊടുങ്ങരപ്പള്ളം കടന്ന് അട്ടപ്പാടിയിലേക്ക് ആനകൾ കയറുന്നതു തടയാൻ ഇതുവരെ വനം അധികൃതർക്കു കഴിഞ്ഞിട്ടില്ല. ജനവാസകേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്ന ആനകളെ അട്ടപ്പാടിയിലെ ജനവാസകേന്ദ്രത്തിലെ കുട്ടിവനങ്ങളിലേക്ക് ഓടിച്ചുകയറ്റുന്ന രീതിയാണിപ്പോൾ നടക്കുന്നത്.
ജനവാസകേന്ദ്രത്തിൽ പല സ്ഥലങ്ങളിൽ വൈദ്യുതിവേലികൾ സ്ഥാപിച്ചും ആനകിടങ്ങുകൾ തീർത്തും ആനശല്യം അകറ്റാനുള്ള തത്രപ്പാടിലാണ് വനംവകുപ്പ്. ജനവാസ പ്രദേശങ്ങളിൽനിന്നും ഷോക്കേല്ക്കുന്ന കാട്ടാനകൾ അടുത്ത കൃഷിയിടത്തിൽ അക്രമം കാട്ടുന്നതല്ലാതെ പുറത്തേക്ക് കടക്കുന്നില്ല. ജനവാസ സ്ഥലത്തുള്ള ആനകളെ ഘട്ടംഘട്ടമായി ആട്ടിപ്പുറത്താക്കി വീണ്ടും കടക്കാത്ത തരത്തിൽ ആനത്താരകളിൽ ശക്തമായ വേലികൾ തീർക്കണമെന്നതാണ് ആവശ്യം.
കിഴക്കൻ അട്ടപ്പാടിയിലെ ഭവാനിപ്പുഴയുടെ ചില തീരപ്രദേശങ്ങളിലും കൂടുതറ, കൊടുങ്ങരപ്പള്ളത്തിന്റെ ചില ഭാഗങ്ങൾ വഴിയുമാണ് അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ കിഴക്കൻ അട്ടപ്പാടിയിലേക്ക് അധികമായും ആനകൾ പ്രവേശിക്കുന്നത്.തമിഴ്നാട്ടിൽനിന്നും അട്ടപ്പാടിയിലേക്കുള്ള ആനകളുടെ പ്രവേശനകവാടം ശക്തമായി അടച്ച് കാവൽ ഏർപ്പെടുത്താതെ ആനശല്യം അവസാനിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അട്ടപ്പാടിയിലെ ജനവാസകേന്ദ്രങ്ങളുടെ മധ്യത്തിലൂടെ ചാവടിയൂർ, ബോഡിച്ചാള, കടന്പാറ പ്രദേശങ്ങളിലൂടെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് ആന ട്രഞ്ച് നിർമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് നിവാസികൾ ചൂണ്ടിക്കാട്ടി. ഇവിടെ ആയിരക്കണക്കിനു മരങ്ങൾ പിഴുതെറിഞ്ഞാണ് ആനക്കിടങ്ങുകൾ തീർത്തത്.
ഏഴുകിലോ മീറ്ററോളം ദൈർഘ്യമുള്ള കിടങ്ങിന് പല ഭാഗങ്ങളിലും പാറമൂലം പൂർത്തീകരണമായില്ലെന്ന് ആദിവാസികൾ പറഞ്ഞു. തമിഴ്നാട്ടിലെ പട്ടികവർഗ വിഭാഗക്കാർക്കും കർഷകർക്കും ശക്തമായ കാവലാണ് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. അവിടെനിന്നും റബർ ബുള്ളറ്റ് ഏല്ക്കുന്ന ആനകൾ കൂട്ടത്തോടെ അനായാസം അട്ടപ്പാടിയിലേക്ക് പ്രവേശിക്കുകയാണ് പതിവ്.
തമിഴ്നാട്ടിൽനിന്നും അട്ടപ്പാടിയിലേക്ക് ആനകൾ പ്രവേശിക്കാത്തവണ്ണം ശക്തമായ മുൻകരുതലെടുക്കുകയും കേരളവനത്തിൽനിന്നും ജനവാസകേന്ദ്രത്തിലേക്കുള്ള വരവ് തടയുകയും ചെയ്യുക മാത്രമാണ് അട്ടപ്പാടിക്കാർക്ക് വന്യമൃഗങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള ഏക മാർഗം. ഓരോവർഷവും കാട്ടാനയുടെ പേരിൽ വൈദ്യുതിവേലി ആന കിടങ്ങ്, കാവൽ, ആനയോടിക്കൽ, നഷ്ടപരിഹാരം തുടങ്ങി പലയിനങ്ങളിലായി നിവധി കോടികളാണ് അട്ടപ്പാടിയിൽ ചെലവഴിക്കുന്നത്. ഓരോവർഷവും ആനശല്യം പെരുകുന്നതല്ലാതെ ശമനമുണ്ടാകുന്നില്ലെന്നതാണ് വസ്തുത.
കാട്ടാനകൾ അറുപതിലേറെ;/ആർആർടി അംഗങ്ങൾ ആറ്
അഗളി: അറുപതിലേറെ കാട്ടാനകൾ വിലസുന്ന അട്ടപ്പാടിയിൽ കാട്ടാന ദ്രുതകർമസേനാംഗങ്ങൾ ആറ്. അഗളി ആർആർടിയിൽ രണ്ടു ഗാർഡുമാരും ഡ്രൈവർ അടക്കം നാലു താത്കാലിക വാച്ചർമാരും മാത്രം.ഞായറാഴ്ച പന്ത്രണ്ട് സ്ഥലത്തുനിന്നാണ് ആർആർടിയുടെ സഹായംതേടി ഓഫീസിലേക്ക് വിളിയെത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. രാത്രി പത്തു സ്ഥലങ്ങളിൽ രക്ഷയ്ക്കെത്തിയെങ്കിലും രണ്ടിടങ്ങളിൽ എത്താൻ കഴിഞ്ഞില്ല.
അത്യന്തം അപകടകരമായ ജോലിയാണ് ആനയോടിക്കൽ. രാവും പകലുമില്ലാതെ ആനയെ ഓടിക്കുന്ന ഇക്കൂട്ടർക്ക് വിശ്രമസമയവും കുറവാണ്. രണ്ടുദിവസം കൂടൂന്പോൾ ഒരു ദിവസമെങ്കിലും വിശ്രമം അനുവദിക്കണമെന്നതാണ് ഇവരുടെ ആവശ്യം.
കാട്ടാനയ്ക്കു പുറമേ രാജവെന്പാല ഉൾപ്പെടെയുള്ള വിഷപാന്പുളിൽനിന്നും മറ്റു വന്യജീവികളിൽനിന്നും ജനത്തിനു സുരക്ഷ നല്കാൻ ദ്രുതകർമസേന ജാഗരൂകരാണ്.