വടക്കഞ്ചേരി: മലയോര പ്രദേശമായ കണിച്ചി പരുതയിൽ കാട്ടാന കൂട്ടങ്ങളുടെ വിളയാട്ടം. തിങ്ങി നിറഞ്ഞ് വീടുകളും കടകളുമുള്ള കണിച്ചിപരുത സെന്ററിൽ പാലക്കുഴി റോഡിലെ റബ്ബർ തോട്ടങ്ങളിൽ ഇന്ന് രാവിലെ ടാപ്പിംഗിനു പോയ തൊഴിലാളികളെ ആനകൾ ഓടിച്ചത് പ്രദേശത്തെ ഏറെ നേരം ഭീതിയിലാക്കി. കുമാർ, ടോമി, സിജോ തുടങ്ങിയവരാണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ടാപ്പിംഗിനായി തോട്ടത്തിലെത്തിയപ്പോഴാണ് ആനകൾ നിൽക്കുന്നത് കണ്ടത്.
ഒഴിഞ്ഞു് മാറാൻ ശ്രമിച്ചെങ്കിലും മണം പിടിച്ച് ആനകൾ അക്രമാസക്തമാവുകയായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കൂടുതൽ പ്രദേശവാസികൾ സംഘടിച്ച് രജനീഷ്, സിജോ എന്നിവരുടെ നേതൃത്വത്തിൽ ബഹളം വെച്ചും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിൽ കയറ്റി. റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങളും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരേയും തടഞ്ഞാണ് ആനകളെ റോഡിനു കുറുകെ കടത്തിവിട്ടത്. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം.
കണിച്ചി പരുത ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാത്രം മാറിയാണ് കാട്ടാനകൂട്ടങ്ങൾ സംഹാര താണ്ഡവമാടുന്നത്. ഇത്രയും അടുത്ത് വരെ ആനകൾ എത്തുന്നത് ഇതാദ്യമാണ്. സാധാരണ പീച്ചി കാട്ടിൽ നിന്നിറങ്ങുന്ന ആനകൾ താഴെയുള്ള കർഷകരുടെ കൃഷിയിടങ്ങളെല്ലാം നശിപ്പിച്ച് പുലർച്ചെയോടെ കാട്ടിലേക്ക് തിരിച്ച് കയറാറുണ്ട്.
എന്നാൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്ന രാവിലെ സമയങ്ങളിൽ റോഡിനു സമീപം ആനകൾ തങ്ങാറില്ല. വനാതിർത്തിയിൽ സ്വകാര്യ തോട്ടങ്ങളിലൂടെയുള്ള സോളാർ ഫെൻസിംഗ് തകർത്താണ് ആനകൾ കൃഷിയിടങ്ങളിലെത്തുന്നത്. വൈദ്യുതി പ്രവഹിക്കുന്ന സോളാർ വേലിയിലേക്ക് സമീപത്തെ മരങ്ങൾ തള്ളിയിട്ട് വേലി തകർത്താണ് ആനകൾ നാട്ടിലിറങ്ങുന്നത്. ഒരു മാസം മുന്പാണ് ഇവിടെ സോളാർ ഫെൻസിംഗ് നടത്തിയിരുന്നത്.
വേലി സ്ഥാപിച്ചപ്പോൾ ഇനി ആനയിറങ്ങില്ലെന്ന ഉറപ്പിൽ തോട്ടങ്ങളിലെല്ലാം കൃഷി പണികൾ വീണ്ടും സജീവമായിരുന്നു. കണിച്ചിപരുത സെന്റ് ജോർജ് പളളിക്കടുത്ത് പുതിയ ഓക്സിജൻ പ്ലാന്റിനു മുന്നിലെ തോട്ടത്തിലും കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ റബ്ബർ തൈകളും വാഴയും കപ്പയുമെല്ലാം നശിപ്പിച്ചു.
രണ്ട് കിലോമീറ്ററിനുള്ളിൽ ഒരേ സമയം നാലിടത്താണ് ആന കൂട്ടങ്ങൾ കൃഷിയിടങ്ങളിലെത്തിയതെന്ന് കർഷകർ പറഞ്ഞു. നാലും അഞ്ചും കൂട്ടങ്ങളാണ് കണിച്ചിപരുതയിൽ മാത്രം കറങ്ങുന്നത്. കണിച്ചിപരുത പള്ളിക്കടുത്തെ എടയാടി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ആനകൂട്ടം സ്ഥിരമായുണ്ട്. ഇവിടുത്തെ ആനകളെ തുരത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഫോറസ്റ്റ് വാച്ചർ രാജുവിനു നേരെ ആനയുടെ ആക്രമണമുണ്ടായി.
ഓടുന്നതിനിടെ വീണ് രാജുവിന്റെ കാലിന് പരിക്കേറ്റിരുന്നു. ആനകൾ ആക്രമണകാരികളാകുന്നത് വലിയ ദുരന്തങ്ങൾ വരുത്തിവെക്കുമെന്ന ഭയപ്പാടിലാണ് നാട്ടുകാരിപ്പോൾ. ഒരു വർഷത്തോളമായി ആനശല്യം ഏറെ രൂക്ഷമായിട്ടും സ്ഥിരം ശല്യക്കാരാകുന്ന ആനകളെ ഉൾക്കാട്ടിലേക്ക് ഓടിക്കാൻ വനം വകുപ്പും ഒന്നും ചെയ്യുന്നില്ല.
ആനശല്യത്തിൽ താമസക്കാരെല്ലാം ഒഴിഞ്ഞുപോകട്ടെ എന്ന സമീപനമാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാൻ നടപടി എടുക്കേണ്ടവർ മനുഷ്യ കുരുതിക്ക് കാവൽ നിൽക്കുകയാണെന്നാണ് ആക്ഷേപം.