വടക്കഞ്ചേരി: വാൽകുളന്പ് പനംങ്കുറ്റി വഴി മേരിഗിരി പന്തലാം പാടം മലയോരപാതയിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം. ഈ പാതയിൽ ആളൊഴിഞ്ഞ ഭാഗത്ത് ഏത് സമയവും കാട്ടാനകൂട്ടം ഇറങ്ങി ആക്രമണമുണ്ടാകും.
പോത്തുചാടിക്കും പനംങ്കുറ്റിക്കും ഇടക്കുള്ള രണ്ട് കിലോമീറ്റർ ദൂരമാണ് ഏറെ അപകടകരം. കയറ്റവും വീടുകളോ മറ്റു ആൾ സഞ്ചാരമോ ഇല്ലാത്ത സ്ഥലമാണ്.നിലവിളിച്ചാൽ പോലും ആരും കേൾക്കാനില്ല.
ആനയിറക്കമുള്ള സ്ഥലം സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് വനംവകുപ്പും ജീവനും കർഷകരുടെ വിളകൾക്കും പുല്ല് വിലയാണ് കല്പിക്കുന്നത്.
പോത്തുചാടിയിൽ ഫോറസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും റോഡിലേക്ക് ആനയിറങ്ങിയാൽ പിന്നെ അവരും പുറത്തിറങ്ങില്ല. ഓഫീസിനു ചുറ്റും കിടങ്ങ് കുഴിച്ചാണ് വനപാലകർ സംരക്ഷണം തീർത്തിട്ടുള്ളത്.
ആനകളെ ഉപദ്രവിക്കാതിരുന്നാൽ മതി അവ ഒന്നും ചെയ്യില്ലെന്ന് പറയുന്ന വനപാലകരാണ് ഇത്തരത്തിൽ താമസസ്ഥലത്തിനു ചുറ്റും എട്ടടി താഴ്ചയിൽ കിടങ്ങുണ്ടാക്കി വന സംരഷണം നടത്തുന്നത്.
ആനയിറങ്ങി വാഹന യാത്രികർക്കു നേരെ ആക്രമണം ഉണ്ടാകുന്ന പ്രദ്ദേശമാണിത്.വാഹനങ്ങൾക്കുനേരെ ആനകൾ പാഞ്ഞെത്തും. പനംകുറ്റിയുടെ മുകൾഭാഗത്ത് പടിഞ്ഞാറുവശത്തായി വനാതിർത്തിയിലെ സോളാർ വേലി തകർന്നു കിടക്കുന്നതാണ് സ്ഥിരമായി ആനയിറങ്ങാൻ കാരണമാകുന്നത്.
തൃശൂർ ജില്ലയിൽപ്പെടുന്നതാണ് ഈ പ്രദ്ദേശം.ഏറെ കാലമായി വേലി പ്രവർത്തനക്ഷമമല്ല.എന്നാൽ വനപാലകർ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
തൃശൂർ ജില്ലയിൽ നിന്നുള്ള ആനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പാലക്കാട് ജില്ലയിൽപ്പെട്ട കർഷകരുടെതാണ്. ഇതിനാൽ തന്നെ വനം വകുപ്പ് പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് കർഷകർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി പനംകുറ്റി മേഖലയിൽ ആനശല്യം രൂക്ഷമാണ്. വലിയപറന്പിൽ ബിജു രണ്ട് ഏക്കറിൽ കൃഷി ചെയ്തിരുന്ന തെങ്ങുകളിൽ ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന തെങ്ങിൻ തൈകൾ മാത്രമാണ്.
മറ്റുള്ളതെല്ലാം ആനകൾ ഒടിച്ചും പിഴുതെറിഞ്ഞും നശിപ്പിച്ചു.മൂന്നും നാലും വർഷം പ്രായമായ തെങ്ങുകളായിരുന്നു.ചെറുനിലം ബിജു,ചെറുനിലം ജോണി, വരിക്ക മാക്കൽ ബേബി എന്നിവരുടെ തോട്ടങ്ങളിലും വിളകൾ ഇല്ലാതായി.
വിളകൾ നശിപ്പിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിലും വനം വകുപ്പ് കടുത്ത അനാസ്ഥ കാണിക്കുന്നതായി ആക്ഷേപമുണ്ട്.