
വെള്ളിക്കുളങ്ങര: മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളിൽ കാട്ടാന ശല്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കാട്ടാനയെ കണ്ട് ഭയന്ന് മരിച്ച റാബിയ മുഹമ്മദലിയുടെ ചൊക്കനയിലുള്ള എസ്റ്റേറ്റ് പാഡി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ചൊക്കന ഉൾപ്പടെയുള്ള മലയോര ഗ്രാമങ്ങളിൽ കാട്ടാന ശല്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗൗരവമുള്ളതാണ്. കാട്ടനകൾ ജീവനും കൃഷിക്കും ഭീഷണിയായി മാറിയ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷക്കാവശ്യമായ നടപടികൾ സ്വീകിരക്കാൻ വനം മന്ത്രിയോടാവശ്യപ്പെടും.
വനാതിർത്തിയിൽ നേരത്തെ ഉണ്ടായിരുന്ന കിടങ്ങുകൾ പുനരുദ്ധരിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ സുരക്ഷാവേലികൾ സ്ഥാപിക്കാനും കാട്ടാനയെ കണ്ടു ഭയന്ന് മരിച്ച റാബിയ കുടുംബത്തിന് സഹായമെത്തിക്കാനും നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഹാരിസണ് തോട്ടം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യിപ്പിക്കാനും സർക്കാർ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിവിധ ഇടവകകളിലെ വികാരിമാരായ ഫാ.ഫ്രാങ്കോ പറപ്പുള്ളി (അന്പനോളി ചൊക്കന), ഫാ.ജെയ്സൻ വടക്കുംചേരി (കൊടുങ്ങ), ഫാ.സെബിൻ എടാട്ടുകാരൻ (മുരിക്കുങ്ങൽ), മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ്് പി.സി.സുബ്രൻ, അംഗം ജോയ് കാവുങ്ങൽ, ഡിസിസി വൈസ് പ്രസിഡൻര് ജോസ് വള്ളൂർ, ജനറൽ സെക്രട്ടറിമാരായ ടി.എം.ചന്ദ്രൻ, എ.പ്രസാദ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ കെ.എം.ജോർജ്, എബി ജോർജ്, മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് കെ.ആർ.ഒൗസേഫ്, വിവിധ വാർഡ് ജനപ്രതിനിധികൾ തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.