വടക്കഞ്ചേരി: രാത്രി കാലങ്ങളിൽ പാലക്കുഴി റോഡിൽ കാട്ടാനകൂട്ടം നിലയുറപ്പിക്കുന്നത് മലയോരവാസികളുടെ രാത്രി യാത്രകൾ പേടി സ്വപ്നമാകുന്നു. കണിച്ചി പരുതയിൽ നിന്നാണ് പാലക്കുഴിയിലേക്കുള്ള ഏക റോഡ് മാർഗ്ഗം.റോഡിൽ താണിചുവട് ഭാഗത്താണ് പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ആനകളെത്തുന്നത്.
ദൂരയാത്ര കഴിഞ്ഞ് രാത്രി വൈകി വരുന്നവരും അതിരാവിലെ മലയിറങ്ങി പോകേണ്ടവരുമൊക്കെയാണ് ആനകൾക്ക് മുന്നിൽപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടേണ്ടി വരുന്നത്. പത്രങ്ങൾ വിതരണം ചെയ്യുന്നവരും ക്ഷീര കർഷകരും റബർ ടാപ്പിംഗിന് പോകുന്നവരും രാവിലെ ട്യൂഷനായി മലയിറങ്ങുന്ന കുട്ടികളുമാണ് ദുരന്തത്തെ മുഖാമുഖം കാണുന്നത്. അത്യാസന്ന ഘട്ടങ്ങളിൽ മലയിൽ നിന്നും രോഗിയെ താഴെ കൊണ്ടുവരാനും ആനകൾ റോഡിൽ നിലയുറപ്പിക്കുന്നതുമൂലം കഴിയാത്ത സ്ഥിതിയാണ്.
ഇവിടെ അടുത്ത് പുല്ലംപരുതയിൽ വനം വകുപ്പിന്റെ വാച്ചർ ഷെഡുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ആനയിറങ്ങിയാൽ പിന്നെ പേടിച്ച് വാച്ചർമാരും ഷെഡിന് പുറത്തിറങ്ങില്ല. സ്ഥിരമായി ഇവിടെ ആളുണ്ടാകില്ലെന്നും പറയുന്നു. ആനകളെത്തുന്ന പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചാൽ ആനശല്യം കുറയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ കാട്ടുമൃഗങ്ങൾ നാട്ടിലെത്തി കൃഷി നശിപ്പിക്കുന്നത് തടയാൻ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. എം എൽ എമാർ ഇടക്കിടെ സ്ഥലത്തെത്തി സോളാർ വേലി, ട്രഞ്ച് കുഴിക്കൽ, സോളാർ ലൈറ്റുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഉടൻ സ്ഥാപിക്കുമെന്ന ഉറപ്പുകളല്ലാതെ മാസങ്ങളായി ഒന്നും നടന്നില്ലെന്നാണ് മലയോരവാസികളുടെ പരാതി.