പാലപ്പിള്ളി: മേഖലയിൽ ഒരാഴ്ചക്ക് ശേഷം വീണ്ടും കാട്ടാനകൾ ഇറങ്ങി. പാലപ്പിള്ളി മൈസൂർ ഭാഗത്തുള്ള പുഴയിലും തോട്ടത്തിലുമാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്.
ഇന്നലെ രാവിലെ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് ആനകളെ കണ്ടത്. കുട്ടികൾ ഉൾപ്പടെ 15 ഓളം ആനകളാണ് തോട്ടത്തിൽ തന്പടിച്ചിരിക്കുന്നത്.
പാലപ്പിള്ളി ജനവാസ മേഖലയിൽ കഴിഞ്ഞയാഴ്ച്ച ഇറങ്ങിയ ഒരു കൂട്ടം ആനകളെ വനം വകുപ്പ് കാടുകയറ്റിയിരുന്നു. 50 ഓളം ആനകളാണ് പല കൂട്ടങ്ങളായി അന്ന് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടായിരുന്നില്ല. വീണ്ടും കാട്ടാനകൾ എത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്.
അതേസമയം കാട്ടാനകൾ സ്ഥിരമായി എത്തുന്ന ആനത്താരികളുടെ റൂട്ട് മാപ്പ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. ഡിജിറ്റലായി തയ്യാറാക്കുന്ന റൂട്ട്മാപ്പ് ഡിഎഫ്ഒയ്ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് വനപാലകർ.
കാട്ടാനകളെ തുരത്താൻ വയനാട്ടിൽ നിന്ന് വാച്ചർമാരെ എത്തിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.
ആനകളുടെ സഞ്ചാര പാത ഉൾപ്പെടുന്ന റൂട്ട് മാപ്പ് തയ്യാറാക്കി വയനാടൻ വാച്ചർമാർക്ക് നൽകിയാൽ അത് അവർക്ക് ഗുണകരമാവുമെന്നതിനാലാണ് പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതെന്ന് റേഞ്ച് ഓഫീസർ പ്രേം ഷമീർ അറിയിച്ചു.