റാന്നി: കാടുവിട്ടു കിലോമീറ്ററുകൾ സഞ്ചരിച്ചു നദി കടന്നെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ വനപാലകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളും ഭീതിയിലായി. കഴിഞ്ഞദിവസങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായി കണ്ട പ്രദേശങ്ങളാണ് ഭീതിയിലായത്.
മടന്തമണ്‍, കടുമീൻചിറ, പരുവ,കുടമുരുട്ടി, ചണ്ണ, കൊച്ചുകുളം മേഖലയിലെ ജനങ്ങളാണ് ഏറെ ആശങ്കയിലായത്. പെരുന്തേനരുവി വനമേഖലയിൽ ആനയുടെയും മറ്റു വന്യമൃഗങ്ങളുടേയും സാന്നിധ്യം പതിവാണെങ്കിലും ഇവ നദി കടന്ന് മറുകരയിലെത്തി നാശം വിതച്ച സംഭവം കുറവാണ്.
ഇത്തവണ വേനൽ കടുത്തതോടെ പന്പാ നദിയുടെ തീരത്തെത്തിയ കാട്ടാനകളിൽ രണ്ടെണ്ണം പതിവ് ആനത്താര വിട്ട് നദീതീരത്തെ കൃഷിയിടങ്ങളിൽകൂടി കട്ടിക്കൽ ഭാഗത്തെത്തി മറുകര കടന്ന് രണ്ടുപേർ ആക്രമണത്തിന് ഇരയായ കടുമീൻചിറ ഭാഗത്തെത്തിയതായാണ് കരുതുന്നത്.
നാറാണംമൂഴി പഞ്ചായത്തിലെ മടന്തമണ്ണിനു മുകൾ ഭാഗത്ത് വെച്ചൂച്ചിറ വാറുചാലിൽ ഇന്നലെ രാവിലെ റബർ ടാപ്പിംഗിനെത്തിയവരാണ് കാട്ടാനയെ ആദ്യം കണ്ടത്. മടന്തമണ്‍ കരിന്പിൽ സദാശിവൻ രാവിലെ റബർ ടാപ്പു ചെയ്യാനെത്തിയപ്പോൾ സമീപത്ത് കാട്ടാനയെ കണ്ട് ഓടി രക്ഷപെടുകയായിരുന്നു.
തുടർന്ന് അവിടെ നിന്നു മാറിയ ആന ജനവാസ മേഖലയിലൂടെ കട്ടിക്കൽ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് കട്ടിക്കൽ ഭാഗത്ത് റബർ സ്ലോട്ടർ ടാപ്പു ചെയ്തു കൊണ്ടിരുന്ന വിമുക്തഭട കോളനിയിൽ താമസക്കാരനായ പൗലോസിനു നേരെ ആക്രമണമുണ്ടായത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അടുത്തെത്തിയ ആന പൗലോസിനെ ചവിട്ടുകയായിരുന്നു.
മടന്തമണ്‍- വാറുചാലിൽ ഇന്നലെ രാവിലെ കാട്ടാനയെ കണ്ടതു മുതൽ മറ്റുള്ളവർക്ക് വിവരം നൽകാനായി നാട്ടുകാർ പ്രദേശത്ത് സംഘടിച്ചെത്തിയിരുന്നു. വിവരം അറിഞ്ഞതിനെത്തുടർന്ന് വനപാലക സംഘവും വെച്ചൂച്ചിറ പോലീസും സ്ഥലത്തെത്തി. വനപാലകർ സർവസന്നാഹങ്ങളോടെയാണ് കാട്ടിലേക്കു കയറിയത്.
പടക്കം പൊട്ടിച്ചും വെടിശബ്ദം ഉണ്ടാക്കിയും വനപാലകർ വനമേഖലയിലും ജനവാസ മേഖലയിലുമൊക്കെ തെരച്ചിൽ നടത്തി. പരിശോധനയ്ക്കിടെ ഒന്നു രണ്ടുതവണ ആനയെ കണ്ടുവെങ്കിലും വനപാലകർ ശബ്ദമുണ്ടാക്കിയതോടെ ഓടിമറഞ്ഞു. വാറുചാൽ ഭാഗത്ത് റബർ തോട്ടത്തിനു സമീപമുള്ള കാട്ടിലേക്ക് ആന കയറിയതിനാൽ കുറെ നേരത്തേക്ക് കാണാനില്ലായിരുന്നു.
ഇതോടെ ആനയുടെ ശല്യം താത്കാലികമായി ഒഴിഞ്ഞെന്ന് കരുതിയിരിക്കുന്പോഴാണ് വനപാലകരും നാട്ടുകാരും തെരച്ചിൽ നടത്തിവന്ന സ്ഥലത്തിന് സമീപത്ത് ഉച്ചകഴിഞ്ഞ് 2.45 ഓടെ ആന വീണ്ടും എത്തിയത്. ആന ജനവാസ മേഖലയിലേക്ക് കടന്നേക്കുമെന്ന ആശങ്കയിൽ വനപാലക സംഘം പടക്കം പൊട്ടിച്ചും വെടി ശബ്ദമുണ്ടാക്കിയും ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ 150 മീറ്ററിലേറെ തോട്ടത്തിലൂടെ ഓടിയ ആനപിന്തിരിഞ്ഞു വന്ന് സമീപത്ത് കണ്ട വനപാലകൻ ബിജുവിനെ ആക്രമിക്കുകയായിരുന്നു. പിൻഭാഗത്ത് കുത്തേറ്റു വീണ ബിജുവിനെ വനപാലകർ ചേർന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആക്രമണത്തിനു ശേഷം പിൻവലിഞ്ഞ ആന പ്രദേശം വിട്ടു പോകാതെ ജനവാസ മേഖലക്ക് സമീപം നിലകൊള്ളുകയായിരുന്നു. സന്ധ്യ മയങ്ങുന്പോഴും ആന വനത്തിലേക്കു കയറാൻ തയാറായിട്ടില്ല. മടന്തമണ്‍, വാറുചാൽ പ്രദേശങ്ങളും തൊട്ടു കിടക്കുന്ന വിമുക്തഭട കോളനിയും ജനവാസ മേഖലകളാണ്.
പന്പാനദിയിൽ കട്ടിക്കൽ ഭാഗത്ത് ചേരുന്ന വാറുചാൽ തോടിന്റെ കരകളിൽ കുറെ സ്ഥലങ്ങളിൽ റബർ തോട്ടങ്ങളും ആൾത്താമസമില്ലാത്ത സ്വകാര്യ സ്ഥലങ്ങളുമുണ്ട്്. റാന്നി വനമേഖലയിലെ പെരുന്തേനരുവി ഭാഗത്തു നിന്നും നദി കടന്ന് എത്തിയതാണ് ആനയെന്ന് വനപാലകർ പറഞ്ഞു.
സഹപ്രവർത്തകനെ കാട്ടാന ആക്രമിച്ചപ്പോഴും വനപാലകർ നാട്ടുകാരെ കൈയൊഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ ഭീതി അകറ്റാനായി വനപാലകർ സ്ഥലത്തു ക്യാന്പ് ചെയ്യുന്നുണ്ട്. പടക്കം പൊട്ടിച്ചും തീ കൂട്ടിയും ആനയെ അകറ്റാനുള്ള ശ്രമത്തിലാണ് അവർ.