പുതുക്കാട്: പാലപ്പിള്ളി മേഖലയിലെ റബർ തോട്ടങ്ങളിൽ തന്പടിച്ചിരിക്കുന്ന കാട്ടാനകൂട്ടം ടാപ്പിംഗ് തൊഴിലാളികളുടെ ജീവന് ഭീക്ഷണിയാകുന്നു.
രാവിലെ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾക്ക് ആനകളെ ഓടിച്ചിട്ട് വേണം പണിക്കിറങ്ങാൻ. സ്ത്രീ തൊഴിലാളികളടക്കമുള്ളവർ പകൽ സമയത്ത് തീപ്പന്തവുമായാണ് ടാപ്പിങ്ങിനെത്തുന്നത്.
കഴിഞ്ഞദിവസം തോട്ടത്തിൽ നിന്ന് ആനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആനക്കൂട്ടം തൊഴിലാളികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.ജീവനും കൊണ്ടാണ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടത്.
കൂട്ടമായി നിൽക്കുന്ന ആനകൾ ഏതുസമയത്തും അക്രമാസക്തരാവുകയും തൊഴിലാളികളെ ഓടിപ്പിക്കുന്നതും പതിവ് കാഴ്ച്ചയാണ്.ഉപജീവനത്തിനായി പണിയെടുക്കുന്ന തൊഴിലാളികൾ രണ്ടും കൽപ്പിച്ചാണ് ഇപ്പോൾ തോട്ടങ്ങളിൽ എത്തുന്നത്.
രാത്രികാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന ആനകൾ കുറച്ചുദിവസമായി പകൽ സമയത്താണ് തോട്ടങ്ങളിൽ തന്പടിക്കുന്നത്. ആനകളുടെ തൊട്ടടുത്ത് നിന്ന് പോലും തൊഴിലാളികൾക്ക് ടാപ്പിംഗ് നടത്തേണ്ട അവസ്ഥയാണ്.
തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ആനയുണ്ടെന്നറിഞ്ഞിട്ടും പണിക്കിറങ്ങാൻ തയ്യാറാകുന്നത്. തോട്ടം മാനേജ്മെന്റും വനപാലകരും തൊഴിലാളികളുടെ ഭീതിക്ക് അറുതിവരുത്താൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.