അതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാനക്കൂട്ടം വനംവകുപ്പിന്റെ ചെക്ക്പോസ്റ്റും മൂന്നു കടകളും വിനോദ സഞ്ചാരികളുടെ കാറും തകർത്തു. ഇന്നു പുലർച്ചെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. തിരുവനന്തപുരം പാങ്ങോട് സ്വദേശികളായ സഞ്ചാരികളുടെ നിർത്തിയിട്ടിരുന്ന കാറാണ് ആനകൾ തകർത്തത്. ബോണറ്റിൽ ചവിട്ടി കാർ തകർക്കുകയായിരുന്നു.
കാറിനുള്ളിൽ രണ്ടു പേർ ഉറക്കത്തിലായിരുന്നു. ഇവർ ആന വരുന്ന ശബ്ദംകേട്ട് ഉണർന്ന് ഇറങ്ങിയോടിയതിനാൽ ദുരന്തമുണ്ടായില്ല. മലക്കപ്പാറയിലെ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിന്റെ ബാർ ആനക്കൂട്ടം ചവിട്ടിയൊടിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുപ്പസ്വാമിയുടെ തേയില വിൽക്കുന്ന കടയും ഷാഹുൽ ഹമീദ് എന്നയാളുടെ പലചരക്ക് കടയും വിജയകുമാറിന്റെ കോഴിക്കടയും ആനകൾ തകർത്തു.
പുലർച്ചെ ഒന്നോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് സംഘങ്ങളായിട്ടാണ് നടന്നത്. കടയ്ക്കുള്ളിൽ സാധനങ്ങളെല്ലാം ആനകൾ വലിച്ചുപുറത്തിട്ടു. ഒരു മാസമായി മലക്കപ്പാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.