നടവയൽ: അമ്മാനി വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാനക്കൂട്ടം കിലോമീറ്റരുകൾ സഞ്ചരിച്ച് താഴെ നെല്ലിയന്പത്തെ സ്വകാര്യ തോട്ടത്തിലെത്തി. താഴെ നെല്ലിയന്പത്തെ സ്വകാര്യ തോട്ടത്തിൽ അഞ്ച് ആനകളടങ്ങിയ കാട്ടു കൊന്പൻമാരുടെ കൂട്ടമാണ് ഇന്ന് പുലർച്ചെ മുതൽ ഭീതി പരത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി.
ആനകളെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഉച്ചക്ക് രണ്ടിന് ശേഷമാണ് ആനകൾ തോട്ടത്തിൽ നിന്നും നീങ്ങാൻ തുടങ്ങിയത്. പുഞ്ചവയൽ കായക്കുന്ന് റോഡ് മുറിച്ചുകടന്ന ആനകൾ വൈകുന്നേരം നാലോടെ വനത്തിലേക്ക് കയറി. വ്യാപക കൃഷിനാശമാണ് കാട്ടാനകൾ വരുത്തിവെച്ചത്.
മാത്തൂർ വയൽ കരിമംഞ്ചേരിയിൽ സന്ധ്യ ആവുന്നതോടെ കാട്ടാനകൾ എത്തുന്നത് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് വലിയ ഭീഷണിയാണെന്ന് താമസക്കാർ പറഞ്ഞു.വനാതിർത്തിയിലെ കിടങ്ങ് ഇടിച്ചു നിരത്തിയാണ് ആനകൾ നാട്ടിലിറങ്ങുന്നത്.
വൈദ്യുതി വേലി തകർന്ന് കിടക്കുന്നതും ആനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതിന് കാരണമാണ്. വർധിച്ച് വരുന്ന കാട്ടാന ശല്യം തടയുന്നതിന് ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങൾ വനം വകുപ്പ് സ്വികരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം നീർവാരം കേളോംകടവിൽ പുഴയരികിൽ കെട്ടിയിട്ടിരുന്ന കടത്തു തോണി ആനകൾ തകർത്തിരുന്നു.