വടക്കഞ്ചേരി: കാട്ടാനയുടെ ആക്രമണമുണ്ടായ പാത്രകണ്ടം, കൈതയ്ക്കൽ ഉറവ പ്രദേശങ്ങളുടെ വനാതിർത്തികളിൽ അടിയന്തിരമായി സോളാർ വൈദ്യുതി വേലി സ്ഥാപിക്കാൻ എംഎൽ എ യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ആദിവാസി വിഭാഗത്തിന്റെ പ്രത്യേക സ്കീമിൽ ഉൾപ്പെടുത്തി വൈകാതെ തന്നെ വേലി സ്ഥാപിക്കുന്നതിനാണ് ശ്രമം നടത്തുക.
വനത്തിൽ ഉണ്ടാകുന്ന ജോലികളിൽ ആദിവാസികൾക്ക് മുൻഗണന നൽകണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനാൽ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ വേലി സ്ഥാപിക്കാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതല്ലെങ്കിൽ വർക്കിന് ടെണ്ടർ വിളിച്ച് കരാറുക്കാരനെ കണ്ടെത്തി പണി ആരംഭിക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും കാലതാമസം വരും.
അപ്പോഴെക്കും ആനകളിറങ്ങി കൃഷി നശിപ്പിച്ച് തോട്ടങ്ങളെല്ലാം വെളുക്കും.ഇത് ഒഴിവാക്കാനാണ് ഉൗരുകൂട്ടം കൂടി ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്ആനകൾ സ്ഥിരമായി വരുന്ന വഴികളിൽ സെൻസർ ലൈറ്റുകൾ സ്ഥാപിക്കും. പാത്രകണ്ടം, കൈതക്കൽ ഉറവ പ്രദേശങ്ങളിലായി നാല് കിലോമീറ്റർ വനാതിർത്തിയിലാണ് വൈദ്യുതി വേലി സ്ഥാപിക്കേണ്ടത്.
ശനിയാഴ്ച പുലർച്ചെയാണ് പാത്ര കണ്ടത്തെ ആദിവാസി യുവാവ് രാജന് ആനയുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റത്.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് ശേഷം ഇന്നലെ രാജനെ വീട്ടിലേക്ക് കൊണ്ടുവന്നു. കാൽമുട്ടിലെ എല്ലിന് പൊട്ടലുണ്ട്.കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ ഇരുട്ടിൽ മറഞ്ഞു നിന്നിരുന്ന ഒറ്റയാൻ രാജനെ തുന്പികൈ കൊണ്ട് തട്ടുകയായിരുന്നു.
അടിയേറ്റ രാജൻ സമീപത്തെ ഒന്പതടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണു. എം എൽ എ രാജനും പീച്ചി വൈൽഡ് ലൈഫ് വാർഡൻ സണ്ണി, ഒളകര റെയ്ഞ്ച് ഓഫീസർ തുടങ്ങിയവർ രാജന്റെ വീടും ആനകൾ നശിപ്പിച്ച കക്ഷികളും സന്ദർശിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ രാജന് വനം വകുപ്പ് അടിയന്തിര ധനസഹായം നൽകും
തൃശൂർ ജില്ലയിലെ ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽപ്പെടുന്ന പാത്രകണ്ടം, കൈതക്കൽ ഉറവ ,ഒളകര പ്രദ്ദേശത്ത് എത്തണമെങ്കിൽ ഒല്ലൂരിൽ നിന്നും മണ്ണുത്തി വഴി കുതിരാൻ കയറി പാലക്കാട് ജില്ലയിലെ പന്തലാംപാടം മേരി ഗിരിയിലെത്തി മലയോരപാതയിലൂടെ യാത്ര ചെയ്ത് വാൽകുളന്പ്, കണിച്ചി പരുത വഴി വേണം പാത്രകണ്ടത്ത് എത്താൻ. അന്പത് കിലോമീറ്ററെങ്കിലും ദൂരം വരും.
പാത്രകണ്ടംപ്രദേശത്തുക്കാർക്ക് എത് സർക്കാർ കാര്യങ്ങൾക്കും പാണഞ്ചേരി പഞ്ചായത്ത് ഓഫീസിലെത്താനും റേഷൻ സാധനങ്ങൾ വാങ്ങാനുമെല്ലാം ഒരു ദിവസത്തെ യാത്ര വേണം. ഈയടുത്ത കാലത്താണ് പാത്രകണ്ടത്ത് വൈദ്യുതി വെളിച്ചമെത്തിയത്. അതേ സമയം കാടിറങ്ങിയ കാട്ടാനകൂട്ടങ്ങൾ ഇപ്പോഴും ഭീതി പരത്തി വനാതിർത്തികളിൽ തന്നെയാണ്.