വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോരമേഖലയിൽ പീച്ചികാട്ടിൽ നിന്നെത്തുന്ന കാട്ടാനകളെ തുരത്താൻ പരീക്ഷണാടിസ്ഥാനത്തിൽ സ്വകാര്യതോട്ടത്തിൽ സ്ഥാപിച്ച സോളാർ സാങ്കേതികവിദ്യ ഉദ്ദേശിച്ച ഫലം കാണാതെ പരാജയപ്പെട്ടു.ഇത് സ്ഥാപിച്ച പത്തോ ഇരുപതോ മീറ്റർ ദൂരപരിധിയിൽ ആന എത്തുന്നത് നിയന്ത്രിക്കാമെന്നല്ലാതെ ഇതിൽനിന്നുള്ള ശബ്ദംകേട്ട് ആനകൾ പേടിച്ചോടുന്ന സ്ഥിതിയുണ്ടായില്ല.
ഇക്കഴിഞ്ഞ ജൂണ് ആദ്യത്തിലാണ് കെ.ഡി.പ്രസേനൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കണിച്ചിപ്പരുതയ്ക്കടുത്ത് പാലക്കുഴി റോഡിനു താഴെ കന്നിമേരി എസ്റ്റേറ്റിൽ സോളാറിൽ പ്രവർത്തിക്കുന്ന ആനിമൽ റിപ്പല്ലന്റ് എന്ന നൂതന സാങ്കേതികവിദ്യ സ്ഥാപിച്ചത്.ഇതിനു സമീപം കാട്ടുമൃഗങ്ങളെത്തിയാൽ ഉടനേ കാട്ടുകടന്നലിന്റെയും കടുവയുടെയും ശബ്ദം ഇടകലർന്ന ഭീതിപ്പെടുത്തുന്ന വലിയ ശബ്ദം പുറപ്പെടുവിക്കും.
ഇതിനൊപ്പം ചുവപ്പുനിറത്തിലും വെള്ളനിറത്തിലും രണ്ട് ഫ്ളാഷ് ലൈറ്റും തിളങ്ങും. ആനകൾക്ക് കാട്ടിൽ പേടിയുള്ള രണ്ടിനങ്ങളാണ് കടുവയും കാട്ടുകടന്നലും എന്ന വനംവകുപ്പിന്റെ കണ്ടെത്തൽ കൂടി പരിഗണിച്ചാണ് പാലക്കാട്ടെ ഒരു സ്വകാര്യ ഏജൻസി ഇത്തരം ഒരു സംവിധാനം വികസിപ്പിച്ചെടുത്തത്. എന്നാൽ ഇതിലും വലിയ ശബ്ദം കേട്ടിരിക്കുന്നു എന്ന മട്ടിലാണ് തുടർന്നുള്ള ദിവസങ്ങളിലും ആനക്കൂട്ടങ്ങൾ തോട്ടങ്ങളിലെത്തി കൊണ്ടിരിക്കുന്നത്.
മുന്പ് രാത്രികാലങ്ങളിൽ മാത്രം വന്നിരുന്ന ആനകൾ ഇപ്പോൾ രാപകൽവ്യത്യാസമില്ലാതെയാണ് ജനങ്ങളുടെ യാത്ര മുടക്കി പാലക്കുഴി റോഡിലും തോട്ടങ്ങളിലും കറങ്ങുന്നത്. ആനശല്യം രൂക്ഷമായിരുന്ന പൊള്ളാച്ചി ആനമല ഭാഗത്ത് ഈ സംവിധാനം സ്ഥാപിച്ചതിനുശേഷം ആനയിറങ്ങിയില്ലെന്ന് പറയുന്നു. എന്നാൽ പീച്ചികാട്ടിലെ ആനകൾക്ക് ഈ പേടിപ്പെടുത്തലൊന്നും പ്രശ്നമായി തോന്നിയിട്ടില്ല. ഇതിന്റെ ശബ്ദം ഇഷ്ടപ്പെട്ട മട്ടിലാണ് ഇപ്പോൾ ആനകൾ ഇടയ്ക്കിടെ എത്തുന്നത്.
ഇത് സ്ഥാപിച്ചതിനുശേഷമാണ് ഒരാഴ്ചമുന്പ് ഇവിടത്തെ ഫോറസ്റ്റ് വാച്ചറേയും കർഷകരെയും ആന ഓടിച്ച സംഭവമുണ്ടായത്. ആനയെ തുരത്താൻ വനാതിർത്തികളിൽ പൂർണമായും സോളാർ ഫെൻസിംഗ് നടത്താതെ മറ്റു എളുപ്പവഴികളില്ലെന്നാണ് അനുഭവങ്ങളിലൂടെ കർഷകർ പറയുന്നത്. വേലി സ്ഥാപിച്ച് അതിന്റെ പരിചരണവും അറ്റകുറ്റപ്പണികളും യഥാസമയം നടത്തണം.അതല്ലെങ്കിൽ വനാതിർത്തികളിൽ ട്രഞ്ച് കുഴിക്കണം.
ഇത് പൂർണമായും പ്രായോഗികവുമല്ല. പാറക്കൂട്ടങ്ങൾ ഉള്ള പ്രദേശത്ത് ട്രഞ്ച് കുഴിക്കൽ എളുപ്പമല്ല. പനംകുറ്റി ഭാഗത്ത് നാലര കിലോമീറ്റരോളം ദൂരം സോളാർ ഫെൻസിംഗിന്റെ പണി നടന്നുവരുന്നുണ്ട്. പാലക്കുഴിക്കും സോളാർവേലി പൂർത്തിയാക്കണം. ആനയേയും മറ്റു വലിയ കാട്ടുമൃഗങ്ങളെയും തുരത്താനുള്ള ചെലവു കുറഞ്ഞരീതിയും ഇതുതന്നെയാണ്.