പേരാമ്പ്ര: പെറ്റമ്മ ഉപേക്ഷിച്ച ആനക്കുട്ടി യാത്രയായത് സ്നേഹവും കരുതലും ശുശ്രൂഷയും നൽകിയ കൈകളിൽ കിടന്ന്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ സുരേന്ദ്രൻ കരിങ്ങാടിന്റേതായിരുന്നു ആ സ്നേഹ കൈകൾ.
പേരാമ്പ്ര എസ്റ്റേറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച പിറന്ന ആനക്കുട്ടി രണ്ടു ദിനം പിന്നിട്ടത് അരക്ഷിതാവസ്ഥയുടെ നിഴലിലായിരുന്നു. നാലുകാലിൽ നിവർന്നു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായ ആനക്കുട്ടിയെ പിന്നീട് ഫോറസ്റ്റ് ഓഫീസിൽ എത്തിക്കുകയായിരുന്നു.
റേഞ്ചർ അഖിൽ നാരായണന്റെ നേതൃത്വത്തിൽ വനപാലകർ ഇതിനെ രക്ഷിക്കാൻ കഠിന ശ്രമങ്ങളാണു നടത്തിയത്. വനം വകുപ്പിലെ അസി. വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ, ചക്കിട്ടപാറ മൃഗാശുപത്രിയിലെ ഡോക്ടർ പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയും നൽകി. എങ്കിലും അതിന്നലെ ചരിഞ്ഞു.
ഈ ദിവസങ്ങളിൽ ആനക്കുട്ടിയെ ഊണും ഉറക്കവുമുപേക്ഷിച്ചു പരിപാലിച്ചത് പാമ്പുപിടുത്ത വിദഗ്ധനായ സുരേന്ദ്രനായിരുന്നു. മാതാവിന്റെ കരുതലോടെ സുരേന്ദ്രൻ ഇതിനെ ശുശ്രൂഷിച്ചു. രക്ഷപെടുമെന്ന വിശ്വാസം ഉണ്ടായിരുന്നതായി സുരേന്ദ്രൻ പറഞ്ഞു.
കൈകളിൽ ചേർത്തു പിടിക്കുമ്പോൾ ആനക്കുട്ടിയുടെ കണ്ണുകൾ തന്റെ മുഖത്തായിരുന്നു. കൊച്ചു തുമ്പികൈ കൊണ്ട് ഉരുമ്മുമായിരുന്നെന്നും സുരേന്ദ്രൻ നനഞ്ഞ കണ്ണുകളോടെ വെളിപ്പെടുത്തി. ഒരുറുമ്പു പോലും കടിച്ചു നോവിക്കാതിരിക്കാനുള്ളത്ര ശ്രദ്ധയോടെയാണു സുരേന്ദ്രനും വനം ഓഫീസിലെ സുഹൃത്തുക്കളും ഇതിനെ പരിപാലിച്ചിരുന്നത്.
നിപ്പിളിട്ട കുപ്പിയിൽ ദാഹനീർ നൽകുമ്പോൾ ശരീരമിളക്കി സുരേന്ദ്രന്റെ നെഞ്ചോടു ചേർന്നു കുറുങ്ങുന്ന ശബ്ദം പുറപ്പെടുവിക്കും. പെറ്റമ്മ നൽകാതിരുന്ന സ്നേഹവും ലാളനയും കരുതലും നൽകിയാണു ആൺ കുഞ്ഞാനയെ സുരേന്ദ്രൻ ഇന്നലെ യാത്രയാക്കിയത്.