മറയൂർ: കാടിനുള്ളിൽ കാട്ടാനക്കൂട്ടത്തെ കന്പും വടിയും ഉപയോഗിച്ച് ആക്രമിച്ച് മൊബൈൽ ഫോണിൽ ചിത്രീകരിച്ച യുവക്കൾ വെട്ടിലായി.
കാട്ടാന എത്തുന്ന സ്ഥലത്ത് കാത്തിരുന്ന് മരത്തിന്റെ മുകളിലും മറ്റും കയറിയാണ് കാട്ടാനകളും യുവാക്കളും തമ്മിലുള്ള പോരാട്ടം ചിത്രീകരിച്ചത്.
യുവാക്കൾ ഒട്ടും ഭയമില്ലാതെ വടി ഉപയോഗിച്ച് കാട്ടാനയെ അടിക്കുകയും കാട്ടാന നേരേ പാഞ്ഞുവരുന്പോൾ കൂടെയുള്ള മറ്റു യുവാക്കൾ കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
പലപ്പോഴും പാഞ്ഞെത്തുന്ന കാട്ടാനയിൽനിന്നു യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
എന്നിരുന്നാലും കാട്ടാനകൾ തിരിയുന്പോൾ ഒട്ടും ഭയംകൂടാതെ ആനയുടെ പിന്നാലെ പോയി ആക്രമിക്കുന്ന ദൃശ്യങ്ങളും കാണാൻ സാധിക്കും.
ഒപ്പമുണ്ടായിരൂന്ന കുട്ടിയാനയെ യുവാക്കളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കുന്നതിനായി ഭയപ്പാടോടെ ഓടുന്ന പിടിയാനയുടെ ദയനീയ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മരത്തിന്റെ മുകളിലും പലഭാഗങ്ങളിലും ഇരുന്ന് സംഘംചേർന്ന് ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് മൃഗസ്നേഹികൾ പരാതിയുമായി എത്തിയത്.
വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ഉദുമലപേട്ട വനമേഖലയിലാണെന്ന് മനസിലായത്.
വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് മറയൂർ ചന്ദന ഡിവിഷനുമായി അതിർത്തി പങ്കിടുന്ന ഉദുമലപേട്ട ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള തിരുമൂർത്തിമല സ്വദേശികളായ കാളിമുത്തു (23), സെൽവം (19), അരുണ്‍ കുമാർ (22) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സംഭവം തമിഴ്നാട്ടിലെ ദൃശ്യമാധ്യമങ്ങളിൽ എത്തിയതോടെ യുവാക്കൾ ഒളിവിൽ പോയിരിക്കുകയാണ്.
അസി. വൈൽഡ് ലൈഫ് വാർഡൻ ഗണേശ് റാം, ഉദുമല റെയിഞ്ച് ഓഫീസർ ധനപാലൻ എന്നിവരൂടെ നേതൃത്വത്തിലാണ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്.