വടക്കഞ്ചേരി: കണിച്ചിപ്പരുത ഉൾപ്പെടുന്ന കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിൽ രൂക്ഷമായിട്ടുള്ള കാട്ടാന ശല്യം തടയാൻ അട്ടപ്പാടി മോഡൽ സോളാർ ഫെൻസിംഗിന് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ.
സർക്കാരിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ വേലി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഒളകര ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പ്രജി അറിയിച്ചു. പോത്തുചാടി മുതൽ പനംങ്കുറ്റി, കണിച്ചിപരുത, പുല്ലംപരുത, പാലക്കുഴി വരെയുള്ള 18 കിലോമീറ്റർ ദൂരം ഫെൻസിംഗ് സ്ഥാപിക്കാനാണ് ബന്ധപ്പെട്ട അധികാരികൾക്ക് പ്രപ്പോസൽ നൽകിയിട്ടുള്ളത്.
ഈ പ്രദേശങ്ങൾ പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെടുന്നതിനാൽ പകുതി വീതം ദുരത്തിൽ അതാത് ജില്ലാ വനം വകുപ്പിന്റെ കീഴിലാകും വേലി സ്ഥാപിക്കുക.
വനാതിർത്തിയിലെ മരങ്ങളിൽ കന്പിവലിച്ച് കെട്ടി അതിൽ നിന്നും നൂൽ കന്പി പോലെയുള്ള ചെറിയ കന്പികൾ തൂക്കിയിടുന്ന രീതിയാണ് ആനശല്യത്തിന് അട്ടപ്പാടിയിൽ ചെയ്തിട്ടുള്ളത്. പൂർണ്ണമായും വിജയമല്ലെങ്കിലും ഈ രീതി ആനകളെ നിയന്ത്രിക്കാനാകുമെന്ന വിലയിരുത്തലാണുള്ളത്.
മണ്ണിൽ പോസ്റ്റ് നാട്ടി കന്പി വലിക്കുന്പോൾ പോസ്റ്റ് തകർത്താണ് ആനകൾ കൃഷിയിടങ്ങളിലെത്തുന്നത്. പോസ്റ്റുകൾ ചവിട്ടി ഒടിച്ചും സമീപത്തെ ചെറു മരങ്ങൾ വേലിയിലേക്ക് തള്ളിയിട്ട് തകർത്തുമാണ് ആനകളെത്തുന്നത്.
എട്ടടി ഉയരത്തിൽ മരത്തിലൂടെ കന്പി കെട്ടിയാൽ ആനകൾക്ക് അത് നശിപ്പിക്കാനാകില്ല.എന്നാൽ മരകൊന്പ് വീണും വള്ളികയറിയും അട്ടപ്പാടി മോഡൽ ഫെൻസിംഗിനും ന്യൂനതകളുണ്ട്. കർഷകരുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമെ കാട്ടുമൃഗശല്യം ഒഴിവാക്കാനാകു എന്നാണ് വനം വകുപ്പിന്റെ വാദം.
ആനശല്യം പൂർണ്ണമായും ഇല്ലാതാകണമെങ്കിൽ കിടങ്ങ് നിർമ്മാണമാണ് ഏറെ നല്ലതെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികളൊന്നും തൽക്കാലമില്ലെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
ആനയിറങ്ങുന്ന പ്രദേശങ്ങളിൽ വനപാലകരുടെ നൈറ്റ് പെട്രോളിംഗിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി റെയ്ഞ്ചർ പറഞ്ഞു. പടക്കം പൊട്ടിച്ച് ആനകളെ ഓടിക്കും. വാഴ, പൈനാപ്പിൾ തുടങ്ങി ആനകളെ ആകർഷിക്കുന്ന കൃഷികൾ വനാതിർത്തി പ്രദ്ദേശങ്ങളിൽ ഒഴിവാക്കണമെന്നാണ് വനം വകുപ്പിന്റെ ഉപദേശം.
കണിച്ചിപരുത ഭാഗങ്ങളിൽ പൈനാപ്പിൾ കൃഷി വ്യാപകമാകുന്നത് ആനശല്യം കൂട്ടുമെന്നാണ് മുന്നറിയിപ്പ്.പരിചരണ ചെലവുകൾ കൂടിയതിനാൽ പല തോട്ടങ്ങളും പൊന്ത കാടായി കിടക്കുകയാണ്. കാടിറങ്ങുന്ന ആനകൾ ഇവിടങ്ങളിൽ തന്പടിച്ചാണ് രാത്രിയോടെ കൃഷിയിടങ്ങളിലെത്തുന്നത്.
വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് സംരക്ഷിക്കാൻ കർഷക പങ്കാളിത്തത്തോടെയുള്ള സ്ഥിരം സംവിധാനം ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.