വടക്കഞ്ചേരി: പാലക്കുഴി റോഡിലും കാട്ടാനകളുടെ വിളയാട്ടം. കണിച്ചിപരുതയിൽ നിന്നും മലയോര പ്രദേശമായ പാലക്കുഴിയിലേക്കുള്ള റോഡിൽ താണിച്ചുവട് ഭാഗത്താണ് ആനകൾ ടാർ റോഡിൽ നിലയുറപ്പിച്ച് വാഹനയാത്രക്കാരെ ഭയപ്പെടുത്തുന്നത്.
വൈകുന്നേരത്തോടെ റോഡിൽ കയറുന്ന ആനകൾ ചില ദിവസങ്ങളിൽ പിറ്റേ ദിവസം പുലർച്ചെവരെ റോഡിലും സമീപത്തുമായി കറങ്ങും. ഇതിനാൽ രാത്രി സമയം റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് പാലക്കുഴിക്കാർക്ക് .കണിച്ചി പരുതയിൽ നിന്നല്ലാതെ പാലക്കുഴിക്ക് മറ്റുറോഡില്ലാത്തതും മലയോരവാസികളെ ഭീതിയിലാക്കുന്നുണ്ട്.
ജോലിക്ക് പോയി രാത്രി തിരിച്ച് വീട്ടിലേക്ക് വരേണ്ടവരും അതിരാവിലെ കുട്ടികൾക്ക് ട്യൂഷന് പോകുന്നതിനും പത്രവിതരണത്തിനും ക്ഷീര കർഷകർക്കുമെല്ലാം ആനയിറക്കം പേടി സ്വപ്നമായിരിക്കുകയാണ്.ഒരു ചെറിയ കുട്ടി ഉൾപ്പെടെയുള്ള കൂട്ടമാണ് താണിച്ചുവട്ടിലുള്ളത്.
പാത്രകണ്ടം വനഭാഗങ്ങളിൽ ആനകൾ എത്താറുണ്ടെങ്കിലും പാലക്കുഴി റോഡിൽ ആനകൾ എത്തുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കണിച്ചിപരുതക്കടുത്ത് തന്നെ കൈതക്കൽ ഉറവയിലും ആനയിറങ്ങി കൃഷി നാശം തുടരുകയാണ്. ആനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റി വിടാൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.