നടവയൽ: നെയ്ക്കുപ്പ പ്രദേശത്തെ കാട്ടാന ശല്യത്തിന്റെ അവസാന ഇരയായി ഒരു കുടുംബം. ജീവിതമാർഗ്ഗമായിരുന്ന മുഴുവൻ കാർഷിക വിളകളും കാട്ടാനകൾ ചവിട്ടിമെതിച്ചു. നെയ്ക്കുപ്പ ഇടിയലിൽ ജോമോൻ എന്ന കർഷകന്റെ കൃഷിയിടത്തിൽ ഇനി ഒന്നും അവശേഷിക്കുന്നില്ല. ഉള്ളതെല്ലാം വന്യമൃഗങ്ങൾ നശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ഈ കർഷകന്റെ വിളകളെല്ലാം കാട്ടാനകൾ നശിപ്പിച്ചത്.
കഴിഞ്ഞവർഷം തന്റെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി തകർത്താണ് ആനക്കുട്ടം മൂപ്പെത്താനായ പൂവൻവാഴതോട്ടം തകർത്തത്. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും വർഷങ്ങളായുള്ള കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതിലും രണ്ടു വർഷമായി കൃഷിനശിപ്പിച്ചതിന് നഷ്ടപരിഹാരം ലഭിക്കാത്തതിലും ഫോറസ്റ്റ് ഓഫിസിന് മുന്പിൽ കഴിഞ്ഞ വർഷം ജോമോൻ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
മുഖം മൂടിക്കെട്ടി ജോമോനും മക്കളായ നിജിൽ, അജിൽ, ബിൽബി എന്നിവരുമാണ് കാട്ടാന നശിപ്പി ച്ച വിളകളുമായി നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫിസിന് മുന്പിൽ കഴിഞ്ഞ വർഷം കുത്തിയിരുന്നു പ്രതിഷേധിച്ചത്. തുടർന്ന് ഇദ്ദേഹത്തിന് മതിയായ നഷ്ട്ടപരിഹാരം നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലന്ന് ജോമോൻ പറയുന്നു.
ഇതിന്റെ ഇടയിലാണ് ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്ന അവശേഷിക്കുന്ന വാഴ, തെങ്ങ്, കമുക് കൃഷികൾ മുഴുവനായും നശിപ്പിച്ചത്. ആനശല്യം തടയാൻ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിക്ക് മുകളിൽ അടുത്തുള്ള മരം ചവിട്ടിമറിച്ചിട്ടാണ് ആനകൾ എത്തിയത്.
സർവതും നഷ്ട്ടപ്പെട്ട താൻ ഇനി എങ്ങനെ ജീവിക്കുമെന്നാണ് ജോമോൻ ചോദിക്കുന്നത്. മക്കളുടെ പഠനം മുതൽ വീട്ട് ചെലവുകൾക്ക് ഒരു തേങ്ങാ പോലും വിൽക്കാൻ ഇനിയില്ല. സർവവും തകർത്ത് സംഹാര താണ്ഡവമാടിയ കാട്ടാനകൂട്ടത്തിന്റെ മുൻന്പിൽ ജോമോനെ പോലെയുള്ള നിരവധി കർഷകർ പകച്ച് നിൽക്കുകയാണ് .