വെളളിക്കുളങ്ങര: മറ്റത്തൂരിലെ മലയോരഗ്രാമങ്ങളിൽ കാട്ടാനശല്യം തുടർക്കഥയാകുന്നു. ഞായറാഴ്ച രാത്രി അന്പനോളിയിലുള്ള സ്വകാര്യ എൻജീനീയറിംഗ് കോളജിനു സമീപത്തുള്ള വാഴത്തോട്ടത്തിലിറങ്ങിയ കാട്ടാന വ്യാപകമായ തോതിൽ കൃഷി നശിപ്പിച്ചു. അന്പനോളിയിലെ 15 ഏക്കർ വരുന്ന കൃഷിതോട്ടം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മാങ്കുറ്റിപ്പാടം സ്വദേശികളായ ചേനത്തുപറന്പിൽ ജോയ് ജോർജ്, ജോയ് ആന്റണി എന്നിവരുടെ വാഴകളാണ് കാട്ടാന നശിപ്പിച്ചത്.
കുലവന്ന മൂന്നൂറിലേറെ നേന്ത്രവാഴകൾ കാട്ടാന ഒടിച്ചു നശിപ്പിച്ചതായി കർഷകർ പറഞ്ഞു.ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുപ്പിനു പാകമാകുന്ന വാഴക്കുലകളാണ് കാട്ടാനകൾ ഒടിച്ചുകളഞ്ഞത്. രണ്ടു ദിവസം മുന്പ് ഇതേ തോട്ടത്തിലെത്തിയ കാട്ടാന മുപ്പതോളം പൂവൻവാഴകളും നശിപ്പിച്ചിരുന്നു.
സമീപത്തെ വീടുകൾക്കു സമീപത്തേക്ക് കാട്ടാനയെത്തിയെങ്കിലും പട്ടികൾ കുരച്ചു ശബ്ദമുണ്ടാക്കിയപ്പോൾ പിൻതിരിയുകയായിരുന്നു. കൃഷിത്തോട്ടത്തിന്റെ അതിർത്തിയിലുള്ള കന്പിവേലി തകർത്താണ് ആന വാഴത്തോട്ടത്തിലേക്കു കടന്നിട്ടുള്ളത്.
സമീപ പ്രദേശങ്ങളായ പോത്തൻചിറ, ഇണ്ണോട്, നായാട്ടുകുണ്ട് എന്നിവിടങ്ങളിൽ കാട്ടാനകളിറങ്ങാറുണ്ടെങ്കിലും വനത്തിൽ നിന്ന് ഒരു കിലോമീറ്ററിലേറെ ദൂരത്തിലുള്ള അന്പനോളിയിലെ എൻജിനീയറിംഗ് കോളജ് പരിസരത്ത് ഇതാദ്യമായാണ് ആനയെത്തുന്നത്. തുടർച്ചയായി കാട്ടാനകളിറങ്ങാൻ തുടങ്ങിയത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.