വെള്ളിക്കുളങ്ങര: ചൊക്കന എസ്റ്റേറ്റ് കാന്റീനു സമീപം കാട്ടാനയെത്തിയത് തോട്ടംതൊഴിലാളികളെ ഭയചകിതരാക്കി. കഴിഞ്ഞ രാത്രിയിലാണ് പ്രദേശവാസികളെ ഭീതിയിലാക്കി ഇവിടെ കാട്ടാനയിറങ്ങിയത്. ഹാരിസൻ റബർ പ്ലാന്റേഷനിലെ ചൊക്കന എസ്റ്റേറ്റ് ഗ്രൗണ്ടിനടുത്തുള്ള കാന്റീൻ പരിസരത്താണ് ഇന്നലെ പുലർച്ചെ കാട്ടാനയെത്തി വാഴകൾ നശിപ്പിച്ചത്.
കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തോടുചേർന്നുള്ള വാഴകളാണ് ആന നശിപ്പിച്ചത്. കാട്ടാനയെത്തിയ സ്ഥലത്തിന് ഏതാനും മീറ്ററുകൾ അകലെയായി എസ്റ്റേറ്റ് വക പാഡികളിൽ നാൽപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കാട്ടാന പാഡികൾക്കു സമീപമെത്തിയതുകണ്ട് ഇവിടെ താമസിക്കുന്ന തോട്ടം തൊഴിലാളികൾ ഭീതിയിലാണ്. പുലർച്ചെ നാലുമണിയോടെ എസ്റ്റേറ്റിൽ ടാപ്പിംഗിനായി ഇതുവഴി വന്ന സ്ത്രീ തൊഴിലാളികളാണ് കാന്റീനു സമീപം കാട്ടാന നിൽക്കുന്നത് ആദ്യം കണ്ടത്.
ഇവർ ഒച്ചവെച്ചപ്പോൾ സമീപത്തെ പാഡികളിൽ നിന്ന ് ആളുകൾ ഓടിയെത്തി ഒച്ചയെടുത്തും ലൈറ്റടിച്ചു കാണിച്ചുമാണ് ആനയെ ഓടിച്ചതെന്ന് ചൊക്കന സ്വദേശി മുഹമ്മദലി പറഞ്ഞു. സമീപത്തെ വൈക്കം ഉണ്ണീൻകുട്ടിയുടെ അടക്കാമരങ്ങളും ആന നശിപ്പിച്ചു.സമീപത്തുള്ള മുപ്ലി പുഴ മുറിച്ചു കടന്നാണ് കാട്ടാന ചൊക്കനയിലെ ജനവാസമേഖലയിലെത്തിയത്.
പുഴയോരത്ത് കാട്ടാനകളിറങ്ങുന്നത് പതിവാണെങ്കിലും തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് മൈതാനിക്കു സമീപം കാട്ടാനയെത്തുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുഴയുടെ മറുകരയിലുള്ള റബർതോട്ടത്തിൽ ഈ ആനയെ സ്ഥരമായി കാണാറുണ്ടെന്ന് എസ്റ്റേറ്റ് തൊഴിലാളികളും നാട്ടുകാരും പറഞ്ഞു.
പുഴയോരത്ത് കൃഷിചെയ്തിട്ടുള്ള വാഴ അടക്കമുള്ള കാർഷിക വിളകൾ കാട്ടാന പരക്കെ നശിപ്പിച്ചു. ചേറങ്ങാടൻ സണ്ണി, ചെറ്റക്കൽ പൗലോസ് എന്നിവരുടെ വാഴകൾ കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു. വഴിയിലും തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കു സമീപവും വഴിയിലും കാട്ടാന എത്താൻ തുടങ്ങിയതോടെ പുലർച്ചെ എസ്റ്റേറ്റിൽ ജോലിക്കിറങ്ങുന്ന തൊഴിലാളികൾ ഭീതിയിലാണ്.
പാഡികളിൽ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളിലെ പുരുഷന്മാർ മിക്കവരും രാത്രി എസ്റ്റേറ്റിലെ കാവൽ ജോലിക്കു പോകുന്നതിനാൽ സ്ത്രീകളും കുട്ടികളും കാട്ടാനയെ പേടിച്ചാണ് രാത്രി തള്ളിനീക്കുന്നത്. വനാത്തിർത്തിയിൽ സോളാർവൈദ്യുത വേലി കെട്ടി വന്യമൃഗങ്ങൾ ജനവാസമേഖലയിലിറങ്ങുന്നത് തടയാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.