എരുമേലി: പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്കു വീട്ടുമുറ്റത്തു ദാരുണാന്ത്യം. തുലാപ്പള്ളി വട്ടപ്പാറ കുടിലിൽ ബിജു ( 50) ആണു കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണു നാടിനെ നടുക്കിയ ദാരുണസംഭവം.ബിജുവും ഭാര്യയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
വീടിനടുത്തുള്ള വാഴകൃഷി ആന നശിപ്പിക്കുന്ന ശബ്ദം കേട്ടു വീട്ടുമുറ്റത്തേക്കു ഭാര്യയ്ക്കൊപ്പം ഇറങ്ങിയതായിരുന്നു ബിജു. ആനയെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ഭയന്നു പോയ ബിജുവിന്റെ ഭാര്യയുടെ നിലവിളികേട്ടു പരിസരവാസികൾ എത്തുമ്പോഴേക്കും ബിജു മരണപ്പെട്ടിരുന്നു.
തുലാപ്പള്ളി ടാക്സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണു ബിജു. വീട്ടിൽനിന്ന് 50 മീറ്റർ അകലെയാണു ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആന പിന്തിരിഞ്ഞു കാട്ടിലേക്കുപോയ ശേഷമാണു മൃതദേഹത്തിന് അടുത്തെത്താനായത്. ഡെയ്സിയാണു ബിജുവിന്റെ ഭാര്യ. മക്കൾ ജിൻസൺ, ബിജോ.
വനംവകുപ്പിനെതിരേകനത്ത പ്രതിഷേധം
വിവരമറിഞ്ഞു രോഷാകുലരായ നൂറുകണക്കിനു നാട്ടുകാർ സംഭവസ്ഥലത്തു തടിച്ചുകൂടി. നിരവധി തവണ കാട്ടാന ഉൾപ്പെടെ വന്യ ജീവി ആക്രമണം ഉണ്ടായിട്ടും പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത വനം വകുപ്പിനെതിരേ പ്രതിഷേധം വ്യാപകമായതോടെ പുലർച്ചയോടെ പ്രദേശം സംഘർഷ സ്ഥിതിയിലായി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകാൻ പോലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ അനുവദിച്ചില്ല. സ്ഥലത്തെത്തിയ വനപാലകർക്കുനേരേയും കടുത്ത പ്രതിഷേധം ഉയർന്നു.
പത്തനംതിട്ട ജില്ലാ കളക്ടർ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ആരംഭിച്ചതോടെ രാവിലെ ഏഴിന് കളക്ടർ സ്ഥലം സന്ദർശിക്കുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിട്ട് ഒരുവർഷം കഴിയും മുമ്പേയാണു വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്. ഇത്തരം സംഭവം ഉണ്ടാകാതിരിക്കുന്നതിനുള്ള ശക്തമായ ഇടപെടലും നടപടികളും ഉറപ്പുനൽകണമെന്നും മരണപ്പെട്ട ബിജുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അടിയന്തര നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നൽകുമെന്നും ബാക്കി തുക സംബന്ധിച്ചും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ജനപ്രതിനിധികളുമായി ചേർന്നു തീരുമാനിക്കുമെന്നും തഹസീൽദാർ മുഖേനെ അടിയന്തരമായി റിപ്പോർട്ട് തയാറാക്കി ബിജുവിന്റെ ആശ്രിതർക്ക് ജോലി നൽകുന്നതിനു ശിപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു.
24 മണിക്കൂറിനകം നടപടികൾ സ്വീകരിക്കുമെന്നു കളക്ടർ ഉറപ്പ് നൽകിയതോടെയാണു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്.
മാര്‍ച്ചില്‍ സംഘര്‍ഷം
കണമല ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാരുടെയും ജനകീയ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാരും പോലീസും തമ്മില്‍ കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായി. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസിനു മുമ്പില്‍ കുത്തിയിരുപ്പു സമരവും തുടരുകയാണ്.