മൂന്നാർ: രാത്രിയിൽ ഉൗരുചുറ്റാൻ ഇറങ്ങിയിരുന്ന കാട്ടാനകൾ പകലും തേയിലത്തോട്ടങ്ങളിൽ ഇറങ്ങിത്തുടങ്ങിയതോടെ തൊഴിലാളികൾ ഭീതിയിലായി.
തൊഴിലാളികൾ പണിക്കിറങ്ങുന്നതിനൊപ്പം കാട്ടാനയും തോട്ടത്തിലിറങ്ങുകയാണ്.
മൂന്നാർ കെഡിഎച്ച്പി കന്പനിയുടെ നയമക്കാട് എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികളുടെ അരികിലാണ് കാട്ടാന എത്തിയത്.
മുന്പ് ഒറ്റപ്പെട്ട എസ്റ്റേറ്റുകളിലും പ്രദേശങ്ങളിലും മാത്രമാണ് കാട്ടാനകൾ എത്തിയിരുന്നത്. ഇപ്പോൾ ഏതാണ്ട് എല്ലാ എസ്റ്റേറ്റുകളിലും കാട്ടാനകളുടെ സാന്നിധ്യമുണ്ട്.
മൂന്നാർ ടൗണിനോടു ചേർന്നുള്ള തിരക്കേറിയ മേഖലകളിലും കാട്ടാനകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മൂന്നാർ ടൗണിൽനിന്ന് ഏറെ അകലെയല്ലാത്ത ഡിവൈഎസ്പി ഓഫീസിനു സമീപം കാട്ടാനക്കൂട്ടമെത്തിയിരുന്നു.
നയമക്കാട് എസ്റ്റേറ്റിനോട് തൊട്ടുചേർന്നുള്ള കന്നിമല എസ്റ്റേറ്റിലും രാത്രി, പകലെന്നില്ലാതെ കാട്ടാനകൾ എത്തുകയാണ്.
ചോലവനങ്ങളോടു ചേർന്നുള്ള വനങ്ങളിലാണ് കാട്ടാനകളെ തനിച്ചും കൂട്ടംചേർന്നുമെല്ലാം കാണപ്പെടുന്നത്.
വനമേഖലയോടു ചേർന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് കാട്ടാനകളുടെ ഭീഷണി ഏറെയുള്ളത്.
മൂന്നാറിലെ വനമേഖലയും തേയിലത്തോട്ടങ്ങളുമെല്ലാം ഇടകലർന്ന മേഖലയിൽനിന്നും കാട്ടാനകളെ അകറ്റുക ദുഷ്കരമായിരിക്കുകയുമാണ്.