സ്വന്തം ലേഖകൻ
തൃശൂർ: കാടിറങ്ങിയ കാട്ടാനക്കൂട്ടത്തെ മയക്കുവെടി വെച്ച് തളയ്ക്കാൻ സാധിക്കുമെന്ന് പ്രമുഖ ആനചികിത്സകനും മയക്കുവെടി വയ്ക്കുന്നതിൽ വിദഗ്ധനുമായ ഡോ.പി.ബി.ഗിരിദാസ്. മൂന്നാനകളുള്ളതുകൊണ്ട് മയക്കുവെടി വയ്ക്കുന്നത് എളുപ്പമല്ലെന്ന വാദം തെറ്റാണെന്നും വനംവകുപ്പും പോലീസും മറ്റു ബന്ധപ്പെട്ടവരും ആവശ്യപ്പെടുന്ന പക്ഷം മയക്കുവെടി വയ്ക്കാൻ സാധിക്കുമെന്നും ഗിരിദാസ് പറഞ്ഞു.
മയക്കുവെടിവച്ച് നിയന്ത്രണത്തിലാക്കിയ ശേഷം കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി കാട്ടിൽ കൊണ്ടുവിടുകയാണ് വേണ്ടത്. എന്നാൽ നാടിറങ്ങിയ കാട്ടാനകൾ കാട്ടിൽ കൊണ്ടുചെന്നുവിട്ടാലും തിരികെ നാട്ടിലേക്ക് വരാനുള്ള സാധ്യതകളേറെയാണെന്നും ഗിരിദാസ് പറഞ്ഞു. ഒരിക്കൽ നാടിഷ്ടപ്പെട്ടാൽ പിന്നീട് കാട്ടാനകൾക്ക് കാടിറങ്ങി നാട്ടിലേക്ക് വരാനുള്ള താത്പര്യം വർധിക്കും. വെള്ളവും ഭക്ഷണവും നാട്ടിൽ സുലഭമാണെന്ന് മനസിലാക്കുന്നതോടെ ഇവ കൂടുതലായി നാട്ടിലേക്ക് വരും.
കാട്ടിലെ ആനക്കൊന്പു വേട്ടക്കാരിൽ നിന്നും സുരക്ഷിത താവളമെന്ന നിലയ്ക്ക് കാടിറങ്ങുന്ന ആനകളും ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാട്ടാനകളെ മയക്കുവെടി വയ്ക്കാനുപയോഗിക്കുന്ന മരുന്ന് അതേ അളവിൽ തന്നെയാണ് കാട്ടാനകളെ മയക്കാനും ഉപയോഗിക്കുക. തമിഴ്നാട്ടിൽ പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാനകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യമാണെന്നും ഗിരിദാസ് പറഞ്ഞു.