വടക്കഞ്ചേരി: ആറു വർഷം നീണ്ട അധ്വാനമെല്ലാം വൃഥാവിലായതിന്റെ വേദനയിലാണ് മലയോരത്തെ പനംങ്കുറ്റിയിൽ തെങ്ങു കൃഷിയുണ്ടായിരുന്ന വലിയപറന്പിൽ അബ്രഹാം (ബിജു).
രണ്ട് വർഷത്തിനിടെ 34 തവണ ഒറ്റയാനായും കൂട്ടായും കാട്ടാനകളിറങ്ങി നനച്ചുവളർത്തി വന്ന തെങ്ങുകളല്ലാം നശിപ്പിച്ചു. ചുട്ടയിട്ടു തുടങ്ങിയ ആറ് വർഷം പ്രായമായ 120 തെങ്ങുകൾ, 800ൽ പരം വാഴകൾ തുടങ്ങിയവയെല്ലാം ഇനി രക്ഷിക്കാനാകാത്ത വിധം നശിച്ചുപോയി.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ജോലിക്കൊന്നും പോകാതെ കൃക്ഷിയിൽ കന്പം മൂത്ത് ലക്ഷങ്ങൾ വായ്പ എടുത്ത് സ്ഥലം വാങ്ങിയായിരുന്നു തെങ്ങും വാഴയും കൃഷി ആരംഭിച്ചത്.
ജെസിബിയുടെ സഹായത്തോടെ പ്ലാറ്റ്ഫോം വെട്ടി നടുവിലൂടെ വാഹനം പോകാവുന്ന വഴിയുണ്ടാക്കി തുല്യ അകലത്തിൽ വരിയായാണ് നല്ലയിനം തെങ്ങിൻ തൈകൾ കൃഷി ചെയ്തത്.
ഡ്രിപ്പ് ഇറിഗേഷൻ വഴി നനക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കി വാഴകളും തഴച്ച് വളർന്നു. റബർ നിന്നിരുന്ന കുന്നിൻപുറം രണ്ട് വർഷം കൊണ്ട് പച്ച കാടാക്കി മാറ്റി. നാല് ഏക്കർ സ്ഥലത്ത് എല്ലാ വിളകൾക്കും സ്ഥലമൊരുക്കി.
തെങ്ങിൻ തൈകളിലെല്ലാം ചുട്ടയിട്ട് നാളികേര കുലകൾ തൂങ്ങിയതോടെ ബിജുവിന്റെ പ്രതീക്ഷകൾക്കും തിളക്കം കൂടി.
എന്നാൽ സ്വപ്നങ്ങൾ കൂടുകൂട്ടും മുന്പേ വിളകളുടെ അന്തകനായി ആനകളുടെ സംഹാര താണ്ഡവം തുടങ്ങി.
2019വരെ ഈ ഭാഗങ്ങളിലൊന്നും ആനശല്യം ഇല്ലാത്തതായിരുന്നു.
ആദ്യ രണ്ട് മൂന്ന് തവണ ആനയിറങ്ങി കുറച്ച് തെങ്ങുകൾ നശിപ്പിച്ചപ്പോൾ വനപാലകർ ഉൾപ്പെടെയുള്ളവർ പാഞ്ഞെത്തി നഷ്ടം കണക്കാക്കി ധനസഹായം ഉടൻ നൽകുമെന്ന് ഉറപ്പു് നൽകി പോയി. വനം വകുപ്പിന്റെ വാക്കുകൾ വിശ്വസിച്ച് ആനയിറക്കം വകവെക്കാതെ അധ്വാനം തുടർന്നു. വല്ലപ്പോഴും വിരുന്നെത്തിയിരുന്ന ആനകൾ പിന്നെ നിത്യസന്ദർശകരെപ്പോലെയായി.
തെങ്ങുകൾ ഉൾപ്പെടെ തോട്ടത്തിലെ സർവ്വ വിളകളും തകർത്തെറിഞ്ഞു. ഓരോ തവണ ആന കൃഷി നശിപ്പിക്കുന്പോഴും വനം വകുപ്പിന് പരാതി നൽകും. ഫലമുണ്ടായില്ല. 2019 ഫെബ്രുവരിയിൽ നൽകിയ ആദ്യ പരാതികൾക്ക് വനം വകുപ്പ് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നത് 2020 ഡിസംബറിലായിരുന്നു.
തെങ്ങും മറ്റു വിളകളും നശിച്ചു എന്നതിന് കൃക്ഷി ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്നാവശ്യപ്പെട്ടു. ഇതിനായി കൃഷി ഓഫീസറെ സമീപിച്ചപ്പോൾ കൃഷി നാശത്തിലേറെ വേദനയാണ് കൃഷി വകുപ്പ് അധികൃതരിൽ നിന്നുണ്ടായതെന്ന് ബിജു ഏറെ സങ്കടത്തോടെയാണ് പങ്കുവെച്ചത്. എടാ പോടാ എന്നൊക്കെയുള്ള അഭിസംബോധനകളാണ് കൃഷി ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. ആത്മാഭിമാനം നഷ്ടപ്പെട്ട നിമിഷങ്ങൾ.
ഓഫീസിൽ നിന്നും പുറത്തിറങ്ങി വിഷമങ്ങൾ ആരുമറിയാതെ കരഞ്ഞു തീർത്തു. കൃഷിയുമായോ കർഷകരുമായോ യാതൊരു ബന്ധമില്ലാത്തവർ കൃഷി വകുപ്പിൽ ജോലിക്കെത്തുന്നതിന്റെ പരിണിതഫലം കർഷകർ അനുഭവിക്കേണ്ടി വരുന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ബിജുവിന്റെത്. ആനകൾ നശിപ്പിച്ച തെങ്ങിൻ കുറ്റികളെല്ലാം അതേപടി നിർത്തിയിരിക്കുകയാണിപ്പോൾ.
തെങ്ങ് നശിച്ചത് ആനയിറങ്ങിയിട്ടല്ല എന്ന് ഉദ്യോഗസ്ഥർ പീനം നടത്തി കണ്ടെത്തിയാൽ അതിന് തെളിവ് നൽകാനാണ് ഇതെല്ലാം നിർത്തിയിട്ടുള്ളത്. പനംങ്കുറ്റി ഉൾപ്പെടെ മലയോരത്തെ ഓരോ കർഷകർക്കുമുണ്ട് ഇത്തരത്തിലുള്ള അനുഭവങ്ങളും നഷ്ടങ്ങളും.
74ക്കാരനായ ചെറുനിലം ജോണിയുടെ തോട്ടത്തിൽ 32 തവണ ആനയിറങ്ങി. വലിയ കുറച്ച് തെങ്ങ്, കുരുമുളക്, ജാതി തുടങ്ങിയ വിളകൾ മാത്രമെ ജോണിയുടെ തോട്ടത്തിലും ശേഷിക്കുന്നുള്ളു. ബാക്കിയെല്ലാം നശിപ്പിച്ചു. എങ്കിലും ജോണി പുറകോട്ടില്ല.പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അധ്വാനം തുടരുകയാണ്.
തന്റെയും മറ്റു കർഷകരുടെയുമെല്ലാം ആവശ്യങ്ങൾക്കായി വനംവകുപ്പിന്റെ ഓഫീസുകൾ നിരന്തരമായി കയറിയിറങ്ങുന്ന കൂട്ടത്തിലെ മുൻനിരയിൽ ജോണി ചേട്ടൻ ഇന്നുമുണ്ട്. കുന്നേൽ എസ്റ്റേറ്റിൽ ചെറുതും വലുതുമായ 300 തെങ്ങെങ്കിലും ആനനശിപ്പിച്ചിട്ടുണ്ടാകും.
വാഴ, കവുങ്ങ് തുടങ്ങിയ വിളകൾ നശിച്ചതിന് കണക്കില്ല. ഷെഡിലെ കക്കൂസ് ക്ലോസറ്റ് വരെ ആന തകർത്തു. വരിക്കമാക്കൽ ബേബിയുടെ ആയിരത്തിൽ പരം വാഴയാണ് നശിച്ചത്. മൂന്ന് വർഷം പ്രായമായ റബർ തൈകളും ആനകൾ പിഴുതെറിഞ്ഞു.
ആനക്കൊപ്പം ഇതു വരെ ഉണ്ടാകാത്ത മറ്റു ശല്യങ്ങളും ഇപ്പോൾ മേഖലയിൽ രൂക്ഷമാണ്. വാനരപട, മലയണ്ണാൻ, മുള്ളൻപന്നി, മയിൽ, കാട്ടുപന്നി തുടങ്ങി വിളകളുടെ മുകളിലും താഴേയും കർഷകന്റെ ശത്രുപക്ഷം ശക്തി പ്രാപിക്കുകയാണ്.ഇതൊന്നും പോരാതെയാണ് ഇപ്പോൾ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരിലുള്ള ഭീക്ഷണികളും ആശങ്കകളും ഉയരുന്നത്.