നെല്ലിയാന്പതി: കോവിഡ് രോഗിയുമായി ആശുപത്രിയിലേക്കു വന്നിരുന്ന ആംബുലൻസ് ആനയ്ക്കുമുന്നിൽ രണ്ടു മണിക്കൂർ കുടുങ്ങി. നെല്ലിയാന്പതി ചുരം പാതയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
നെല്ലിയാമ്പതി സ്വദേശിയായ 43 കാരനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് വഴിയിൽ കാട്ടാന മാർഗതടസമായത്.
കർണാടകയിൽ റെയിൽവേയിൽ ജോലിചെയ്യുന്ന 43 കാരൻ നെല്ലിയാന്പതിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് 108 ആംബുലൻസിൽ രോഗിയുമായി യാത്ര തിരിച്ചു. ഇതിനിടെ കൈകാട്ടി പോത്തുണ്ടി ചുരം പാതയിൽ കുണ്ടറച്ചോലയ്ക്കു സമീപമായി ആനക്കൂട്ടത്തിനു മുന്നിൽപെടുകയായിരുന്നു.
സാധാരണ വാഹനങ്ങൾ കണ്ടാൽ കാട്ടിലേക്കു കയറിപ്പോകുന്ന കാട്ടാനക്കൂട്ടം രാത്രിയായതിനാൽ പാതയിൽതന്നെ തന്പടിച്ചുനിന്നു.
108 ആംബുലൻസിലെ ജീവനക്കാരെ കൂടാതെ നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യം ജോയ്സണ്‍, ജീവനക്കാരായ അഫ്സൽ, മുനിസ്വാമി, ശിവൻ എന്നിവരും ആംബലുൻസിനോടൊപ്പം അകന്പടി വന്നിരുന്നു.
ഇവരും വഴിയിൽ കുടുങ്ങി. രാത്രി 11 മണിയോടെയാണ് താഴെനിന്ന് വനപാലകരും എത്തിയതോടെ ആനക്കൂട്ടം കാട്ടിലേക്കു കയറിപ്പോയത്. തുടർന്നാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്.