പുതുക്കാട്: പാലപ്പിള്ളി വലിയകുളത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയിൽ കാട്ടാനകൾ ഇറങ്ങി. പാഡിയിലെ വാഴകൾ ആനകൾ നശിപ്പിച്ചു.
പാഡിയിലേക്കുള്ള സർവീസ് വയറുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. പള്ളിപ്പുറത്ത് റാബിയയുടെ വാഴകളാണ് കുത്തിമറിച്ചിട്ടത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ആനകളെ കണ്ട് ഭയന്ന് കുട്ടികളുമായി ഓടി രക്ഷപ്പെട്ടു. പകൽ സമയത്തും ആനക്കൂട്ടം സമീപത്തുള്ള റബർതോട്ടത്തിൽ ഉണ്ടെന്നും ഏതു സമയത്തും ഇവ പാഡികളിലേക്ക് എത്തുമെന്നുള്ള ഭീതിയിലുമാണ് നാട്ടുകാർ.
വനപാലകരെ വിവരമറിയിച്ചെങ്കിലും ഇന്നലെ ഉച്ചയായിട്ടും അധികൃതർ സ്ഥലത്തെത്തിയില്ലെന്നു വീട്ടുകാർ പറയുന്നു.
വലിയകുളം പാഡിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങി നാശം വിതച്ചതോടെ അവിടെയുള്ള മൂന്നു കുടുംബങ്ങളെ വലിയകുളം പാഡിയിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു.
ആനശല്യം രൂക്ഷമായതോടെ പോലീസും വനം വകുപ്പും ചേർന്ന് ചിമ്മിനി ഡാം റോഡിൽ കഴിഞ്ഞ ദിവസം ബാരിക്കേഡ് സ്ഥാപിച്ച് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ആനശല്യത്തിൽ നിന്ന് ഒഴിവാകാൻ ശാശ്വത പരിഹാരം കാണണമെന്നാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം.
പകൽ സമയത്ത് ആനക്കൂട്ടം തോട്ടങ്ങളിൽ തന്പടിക്കുന്നതുമൂലം തൊഴിലാളികൾക്ക് ടാപ്പിംഗിന് പോകാനും കഴിയാത്ത അവസ്ഥയാണ്. രണ്ടു ദിവസം മുൻപ് വലിയകുളത്ത് കാട്ടാനകളുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.
എന്നാൽ കാട്ടാനകളെ തുരത്തുകയെന്ന് അപ്രായോഗികമാണെന്നാണ് വനംവകുപ്പിന്റെ നിലപാട്.