കാട്ടാക്കട: കളിചിരികളും തമാശകളുമായി ആഘോഷത്തിമിർപ്പിലായിരുന്ന അവധിക്കാലത്ത്, കലിപൂണ്ട കാട്ടാന കൂട്ടുകാരനും കൂടപ്പിറപ്പുമായവന്റെ ജീവനെടുത്തതിന്റെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല അലനും കൂട്ടുകാരും.
കൊന്പൈക്കാണയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷിജുവിന്റെ മൂത്ത സഹോദരനാണ് അലൻ. വീട്ടിലും കളിസ്ഥലത്തും കാടും മേടും കയറിയുള്ള സാഹസിക യാത്രയിലും അവരിരുവരും സഹോദരന്മാരെന്നതിനേക്കാളുപരി നല്ല കൂട്ടുകാരായിരുന്നു.
മറ്റു കൂട്ടുകാരായ അഖിലും ശ്രീജിത്തും ഷിബുവും ഉൾപ്പെടെയുള്ളവർ കൂടി ഒപ്പം ചേരുന്നതോടെ അവരുടേത് ഒരാഘോഷ സംഘമാകും.
വീട്ടിലെ പട്ടിണി മാറ്റാൻ വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി ഈ സുഹൃദ്സംഘം ഇടയ്ക്കിടെ അതിസാഹസികമായി ഉൾക്കാടുകളിലേക്കു യാത്ര ചെയ്യാറുണ്ട ്.
അത്തരമൊരു സാഹസിക യാത്രയിലാണ് ഇന്നലെ ഷിജുവിന്റെ ജീവൻ കാട്ടാന കവർന്നത്.
അതേക്കുറിച്ചോർക്കുന്പോൾ അവരുടെ ഉള്ളിലിപ്പോഴും ഭയം ആനയോളം വളരും. കണ്ണുകളിലിരുട്ടു നിറയും. പിന്നെ വിങ്ങിപ്പൊട്ടും. കോവിഡ് കാലമായതിനാൽ സ്കൂളുകളില്ലാത്തതിനാൽ സുഹൃത്തുക്കളേയും കൂട്ടി അങ്ങാടി മരുന്നായ ശതാവരിക്കിഴങ്ങുകൾ ശേഖരിക്കാൻ കൊന്പൈ കാട്ടിലെത്തിയതാണ് ഷിജുവും മറ്റുള്ളവരും.
പതിവായി ആ കുട്ടിസംഘം കുടുംബത്തെ സഹായിക്കാൻ കിഴങ്ങുകളും ,കാട്ടു തേനും ,അങ്ങാടി മരുന്നുകളും ശേഖരിച്ച് മടങ്ങുന്നത് പതിവായിരുന്നു.
അതു കൊണ്ടുതന്നെ കളിച്ചു ചിരിച്ചുല്ലസിച്ചാണ് ഇത്തവണയും അവർ കാടു കയറിയത്. ഷിജു കാട്ടിൽ നിന്ന് ഈറ്റ വെട്ടുന്നതിനിടെയാണ് ആന ആക്രമിച്ചത്.
ആഹാരം തേടിയിറങ്ങിയ കാട്ടാന ഈറ്റക്കാടിനുള്ളിലുണ്ടെ ന്നറിയാതെയാണ് ഷിജു അങ്ങോട്ടു പോയത്. ഓർക്കാപ്പുറത്ത് കുതിച്ചെത്തുന്ന ആനയെ കണ്ട ് പരിഭ്രമിച്ച ഷിജു ഓടിമാറാൻ ശ്രമിച്ചെങ്കിലും ആന ഷിജുവിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് നിലത്ത് അടിക്കുകയായിരുന്നു.
മറ്റു കൂട്ടുകാർ അത് കണ്ട ് ഓടി. ഓട്ടത്തിനിടയിലൽ വീണതിനെ തുടർന്ന് രണ്ട ു പേർക്ക് പരിക്കേറ്റു. അൽപ്പം ദൂരത്തായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കാണിക്കാർ വിവരം നെയ്യാർഡാമിലെ വനം വകുപ്പ് ഓഫീസിൽ അറിയിച്ചു. ഇവരെത്തി ആനയെ വിരട്ടി ഓടിച്ചു.
അവിടെ നിന്നും വനപാലകർ ബോട്ട് മാർഗം സ്ഥലത്തെത്തിയപ്പോഴേക്കും ഷിജു മരിച്ചിരുന്നു. മരിച്ചയാളേയും പരിക്കേറ്റ അഖിൽ, ശ്രീജിത്ത് എന്നിവരെയും ബോട്ടിൽ ഡാമിൽ എത്തിച്ചു. തുടർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട ുപോവുകയുമായിരുന്നു.